|
|
തിരൂര്‍
|
| |
|
| |
|
| |
ഒരു തത്ത പറന്നുപോയാല്‍
കണ്ണില്‍ തങ്ങിനില്‍ക്കുന്ന പച്ചയാണ്
തിരൂര്‍
തലക്കടത്തൂര്‍നിന്ന്
കൂട്ടായി കടല്‍മുഖത്തേയ്ക്ക്
പുളയുന്ന തിരൂര്‍പ്പുഴ
കുളവാഴയുടെ പച്ച
ചുവന്ന ചുണ്ടായ് മാറാന്‍
മറുനാട്ടിലേയ്ക്കു റെയില്‍വണ്ടി കാത്ത്
പ്ലാറ്റ്ഫോമില്‍ വട്ടമിട്ടിരിക്കുന്ന
വെറ്റിലത്തളിര്‍പ്പച്ച
ദൂരെമാറി, തുരുമ്പിച്ച വാഗണില്‍
ശ്വാസത്തിന്റെ ഒരാകാശം നിറച്ച്
ഓര്‍മ്മകളുടെ പൂപ്പല്‍പ്പച്ച
കടലൊന്നിരമ്പി ഈ നഗരം ചുറ്റുന്നേരം
നുരയും തിരകള്‍,
കൊടിക്കൂറകള്‍ പച്ച
പുറത്തൂര്‍ കര നിന്ന് നോക്കുമ്പോള്‍
മക്ക നോക്കി നമസ്കരിക്കും
പൊന്നാനി ഒരു പച്ച
അക്കരപ്പച്ചകള്‍ ചിറകാര്‍ന്ന്
പറന്നുവന്ന് കൊത്തുമ്പോള്‍
ഒരുനാള്‍ മാത്രം മധുരിക്കാന്‍
തെഴുക്കും കാഞ്ഞിരപ്പച്ച.
|
| |
|
|
|
|
|
|
|