ഏതു നിമിഷവും
പ്രത്യക്ഷപ്പെട്ടേക്കാവുന്ന
ഒരഗാധ ഗര്‍ത്തമുണ്ട്
എന്റെ കൂടെ
ഭൂമിയുടെ മറുക് പോലെ
അതെപ്പോഴും
പ്രകാശമില്ലാത്ത ചെറിയൊരിടം
എനിക്കായ് കാത്തുവെച്ചു
മുന്നിലും പിന്നിലുമായ്
ഒളിഞ്ഞും പാത്തും
നിഴലുപോലെയുള്ള
തുടര്‍ച്ച
പ്രണയിതാക്കളാക്കി
ഞങ്ങളെ
ശിശിരവും വസന്തവും
ഗ്രീഷ്മവും
മഞ്ഞും നിലാവും മഴയും
കടന്നുപോയി
ഞങ്ങള്‍ക്കിടയിലൂടെ
ഒരു ചിലന്തി
വല നെയ്യും പോലെ
പിന്നിട്ട ദൂരങ്ങളിലെല്ലാം
ഇഴകളുടെ അവശിഷ്ടങ്ങള്‍
ബാക്കിയാക്കി
പിന്തുടര്‍ന്നു
തെന്നി വീഴുമെന്ന്
തോന്നിയ നേരത്തും
അഗാധമായ ആഴങ്ങളുടെ
തണുപ്പാഗ്രഹിച്ച
നിമിഷങ്ങളിലുമെല്ലാം
പിടി തരാതെ
തെന്നിമാറിക്കൊണ്ട്
പക്ഷേ ഏതു നിമിഷവും
പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഭീതിയില്‍
എന്റെ കൂടെത്തന്നെയുണ്ട്
|