സുബഹി നിസ്കരിച്ച്
തീറ്റികൊടുക്കാന്‍
തൊഴുത്തില്‍ ചെന്നപ്പോള്‍
കെട്ടിയ കുറ്റിയില്‍ കയറുമാത്രം.
"ന്റെ റബ്ബേ"
നെഞ്ചത്തു കൈവെച്ചു ചെക്കുമ്മത്താത്ത.
പുല്ലൂട്ടിയിലെ ബാക്കിയായ വൈക്കോലും
ഉറക്കം തെളിയാത്ത പൂച്ചയും
അമ്പരന്നിരുന്നു.
കണ്ണുനിറഞ്ഞ തൊടിയിലെ പുല്ലുകള്‍
കണ്ടില്ലെന്നു പറഞ്ഞു.
അപ്പുറത്തെ മേനോനും
ഇപ്പുറത്തെ നായരും
വിവരശേഖരണം നടത്തി
നിഗമനത്തിലെത്തി.
പശുവപ്പോള്‍
ഇന്നലെ തീറ്റിയ
കുന്നിന്റെ പള്ളയ്ക്ക്
പാല്‍ ചുരത്തുകയായിരുന്നു.
|