മുന്‍സിപ്പാലിറ്റി മൂത്രപ്പുരയില്‍
കാവലിരിക്കുന്നവന്റെ ജീവിതമാണോ
പ്രീതാ ടാക്കീസില്‍ ടിക്കറ്റുമുറിക്കുന്നവന്റെ ജീവിതം?
ടിക്കറ്റു മുറിക്കുന്നവന്റെ ജീവിതമാണോ
ഷാപ്പില്‍ കള്ളൊഴിക്കുന്നവന്റെ ജീവിതം?
കള്ളൊഴിക്കുന്നവന്റെ ജീവിതമാണോ
ഫുട്പാത്തില്‍ ഇസ്തിരിയിടുന്നവന്റെ ജീവിതം?
ഇസ്തിരിയിടുന്നവന്റെ ജീവിതമാണോ
പോക്കറ്റുകളില്‍ നിന്ന് പോക്കറ്റുകളിലേക്കു പോവുന്ന
പോക്കറ്റടിക്കാരന്റെ ജീവിതം?
പോക്കറ്റടിക്കാരന്റെ ജീവിതമാണോ
ഇഞ്ചികൃഷിക്കാരന്റെ ജീവിതം?
ഇഞ്ചികൃഷിക്കാരന്റെ ജീവിതമാണോ
ചെവിയില്‍ പെന്‍സില്‍ വെച്ചിരിക്കുന്ന
മൂത്താശാരിയുടെ ജീവിതം?
മൂത്താശാരിയുടെ ജീവിതമാണോ
നടുക്കടലില്‍ വലവീശുന്നവന്റെ ജീവിതം?
വലവീശുന്നവന്റെ ജീവിതമാണോ
ഇവന്മാരുടെയൊക്കെ അവളുമാരുടെ ജീവിതം?
അതു വല്ലതുമാണോ കുട്ടികളുടെ ജീവിതം?
അതു വല്ലതുമാണോ തന്ത തള്ളാരുടെ ജീവിതം?
ഓ ജീവീതമേ,എത്ര രൂപത്തില്‍
ഏതൊക്കെ അനുപാതങ്ങളില്‍
നീയിങ്ങനെ മൂത്രമൊഴിച്ചും അപ്പിയിട്ടും
ചിരിച്ചും കണ്ണീര്‍ പൊഴിച്ചും തൊണ്ടപൊട്ടിച്ചും
‘ഒന്ന് നിര്‍ത്തുന്നുണ്ടോ’എന്ന്
എന്നെക്കൊണ്ട് പറയിപ്പിക്കും വിധത്തില്‍
അലറിക്കൊണ്ടേയിരിക്കുന്നു..
..............................
ഈ കവിത ചൊല്ലിക്കേള്‍ക്കാം.. ഇവിടെ>>>
|