|
ഞാന്‍ കാത്തിരിക്കുന്നു സ്നേഹിതേ, ഇനിയെന്നാണു വരിക? നിന്റെ നിറം മങ്ങിയിട്ടൊന്നുമില്ലല്ലോ.
പഴയ ആ ശോഭ മുഖത്തിപ്പൊഴുമില്ലേ? അല്ലെങ്കിലും ഈ പൊരിവെയിലേറ്റാല്‍ നിന്റെ പൊന്നുമുഖം
മുഷിഞ്ഞുപോകും.
വരുമ്പോള്‍ പൂത്തിരിയും പടക്കവും കൊണ്ടുവരണം. കൊന്നപ്പൂവാണെങ്കില്‍ അങ്ങാടിയിലെ
ചെട്ടിച്ചി മല്ലിയുടെ പൊക്കണത്തിലുണ്ടാവും. എന്തുചെയ്യാം, തീവിലയാ!
വിഷമങ്ങളെഴുതിനീട്ടാന്‍ നേരമില്ല. അങ്ങോട്ടു ചെന്നില്ലെങ്കില്‍ അവരെന്നെ പുറത്താക്കും.
ഒത്തിരി പാത്രങ്ങള്‍ കഴുകിവെക്കാനുള്ളതാ. തേച്ചുമിനുക്കിമിനുക്കി എന്റെ കൈ കോടിപ്പോയി.
എത്രപറഞ്ഞാലും കേള്‍ക്കില്ല ചെകുത്താന്മാര്‍. കുറച്ചുദിവസം കഴിഞ്ഞാല്‍ ഇവരെന്നെ
പട്ടണത്തിലേക്കു കൊണ്ടുപോകുമത്രേ!
അവിടെ പൂത്തകൊന്നയും അപ്പൂപ്പന്‍താടിയുമൊക്കെ ഉണ്ടാവുമോ? ഇപ്പൊഴേ ഞാന്‍ കത്തിത്തീര്‍ന്ന
കമ്പിത്തിരിപോലെയായി.
അതിനുമുമ്പ് നീ വരില്ലേ? എന്നാലേ എനിക്ക് നായരുടെ ഹോട്ടലിലെ ചോറും പായസവും കിട്ടുള്ളൂ.
ശാരദാന്റീടെ മക്കള്‍ പൂത്തിരി കത്തിക്കുമ്പോള്‍ തരുകയുള്ളൂ. അപ്പോളേ എന്റെ മനസ്സിലും
മേശപ്പൂ വിരിയൂ. എന്താ വരില്ലേ? ഞാന്‍ കാത്തിരിക്കും, തീര്‍ച്ചയായും...
|