പത്തുനാളായ്, വരുന്ന
പത്രത്താളിലെല്ലാം
നിന്നെ തിരഞ്ഞുകൊണ്ടിരിക്കുമ്പോള്‍
നീറിക്കുഴയുകയാണ് മനസ്സ്
നിന്റെ വീടെല്ലാം
തീ വിഴുങ്ങിയോ?
നിഷ്കളങ്കതയേയും സത്യത്തേയും
അടച്ചുവെച്ച ഗ്രാമങ്ങളെയെല്ലാം
ചുട്ടുകൊന്നോ?
നീയിപ്പോള്‍ കാട്ടിലാണോ?
അവിടെയും
അലറിപ്പാഞ്ഞുവരുന്ന
അലിവില്ലാത്ത മൃഗങ്ങളുണ്ടോ?
ഇവിടെ ഓണമാണ്
അങ്ങാടിനിറയെ പൂക്കളാണ്
അവകൊണ്ട് ഇനിയും
ആനന്ദച്ചമയം തീര്‍ക്കാന്‍
നിന്നെ ഞാന്‍ കാത്തിരിക്കുന്നു
ഒരിയ്ക്കലും തിരിഞ്ഞുനോക്കാതെ
നീ പിരിഞ്ഞ്
ഇരുട്ടിലേയ്ക്കു നടക്കയാണോ?
എങ്കില്‍, ഒന്നു ചോദിച്ചോട്ടെ.
എന്തിനാണ് 'പഠിപ്പു പോരെന്നും' പറഞ്ഞ്
പേരുവെട്ടി
അപ്പച്ചന്റെ കൂടെ, നീ
'കന്ദമലി'ലേയ്ക്കു പോയത്?
|