തട്ടിന്‍പുറത്തായിരുന്നു താമസം
പിന്നെപ്പിന്നെ
ഉമ്മറക്കോലായും അടുക്കളത്തിണ്ണയും
പ്ലാറ്റ്ഫോമാക്കി.
മീന്‍മണത്തിനു പിന്നാലെ
ഓടിനടന്നപ്പോഴും
അടുക്കളവാതില്ക്കല്‍
ഓരംപറ്റി നിന്നപ്പോഴും
പാവമാണെന്നു കരുതി.
ഏറെനാള്‍ കഴിയും മുമ്പ്
കുറേപ്പേര്‍ പിന്നെയുമെത്തി.
വന്നുകൂടുന്നതും പെറ്റുകൂട്ടുന്നതും
നല്ലതാണെന്നു കരുതി.
പൊടിമീശ വിറപ്പിച്ച്
വരിവരിയായി
കോണി കയറിയിറങ്ങുമ്പോള്‍
അതുമൊരു കുസൃതിയായ് കരുതി.
അന്ന്
അത്താഴം കഴിഞ്ഞ്
സഭ പിരിഞ്ഞപ്പോള്‍
എല്ലാവരും സന്തോഷത്തിലായിരുന്നു.
പിറ്റേന്ന്
വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍
ചിതറിയ തലകളുടെ കണക്കെടുക്കുമ്പോള്‍
എല്ലാം ഏറ്റെടുത്ത്
ഒരു മ്യാവൂ മ്യാവൂ
'നെറ്റി'ല്‍ കിടപ്പുണ്ടായിരുന്നു.
|