ഫ്രാന്സിലെത്തിയ ദിവസം തന്നെ
ഞാന്‍, സൂപ്പര്‍മാര്‍ക്കറ്റും
കൂടെവന്ന
കൊറിയക്കാരി ജിന്‍സുന്‍പാര്‍ക്ക്
പ്രൊട്ടസ്റ്റന്റുപള്ളിയും അന്വേഷിച്ചു.
ഞാന്‍ വെച്ച സാമ്പാര്‍ കൂട്ടി
ചോറുതിന്ന ജിന്‍സുന്‍ പാര്‍ക്ക്
സൂപ്പര്‍ സൂപ്പര്‍ എന്നു പറയുകയും
എന്റെ കറിയുടെ മേന്മ പ്രചരിപ്പിക്കുമെന്ന്
പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഞാനേറെ സന്തോഷിച്ചു.
ഞങ്ങളുടെ വീട്ടിനടുത്തെ
പള്ളിയില്‍ വെച്ചു കണ്ട
ഒരു കൊറിയന്‍ സുന്ദരിയെ
ജിന്‍സുന്‍ പാര്‍ക്ക്
വീട്ടിലേക്ക് ക്ഷണിച്ചു.
ഞാനവള്‍ക്ക് സന്തോഷത്തോടെ
സാമ്പാറും ചോറും വെച്ചു കൊടുത്തു.
സുന്ദരി ഏമ്പക്കമിട്ടതിന്റെ രാത്രി
ഞാന്‍ പലപല
ലൈംഗിക സ്വപ്നങ്ങളും കണ്ടു.
'ഇന്തോ ചിങ്കുവിന്റെ കറികൂട്ടി
ചോറു തിന്നാം, വാ' എന്ന
ജിന്‍സുന്‍പാര്‍ക്കിന്റെ ക്ഷണം സ്വീകരിച്ച്
ആ പള്ളിയിലും
അടുത്ത പള്ളികളിലുമുള്ള
കൊറിയക്കാരോരോന്നായി
വീട്ടില്‍ വരാന്‍ തുടങ്ങി.
പിതാവും പുത്രനും പരിശുദ്ധാത്മാവും
എന്റെ ചെവിക്കും ചോറിനും കറിക്കുമായി
കാത്തുകാത്തിരുന്നു.
ഇപ്പോള്‍ ഞാന്‍
രസകരമായ ഒരു കഥ വായിക്കുകയാണെന്നുകരുതുക.
അത് ബൈബിളിലേതാണെന്ന്
ആരെങ്കിലും പറഞ്ഞാല്‍
ഉടനെ ഞാന്‍
പുസ്തകം വലിച്ചെറിയും.
അരി അരച്ചത് അമ്മീലല്ലെന്ന്
ആരെങ്കിലുംപറഞ്ഞാല്‍
അമ്മമ്മ
ദോശ വലിച്ചെറിയുന്നതൊക്കെ
എത്രയോ ഭേദമെന്ന് തോന്നുന്ന മാതിരി.
|