ഞങ്ങളുടെ നാട്ടില്‍
മദ്രാസ് മെയിലില്‍ വന്നിറങ്ങിയപ്പോള്‍
അടുത്ത ട്രാക്കില്‍ ഒരു ട്രെയിന്‍
പുകതുപ്പിക്കിടക്കുന്നത്
നിങ്ങള്‍ കാര്യമായി എടുത്തില്ല
ഓ! തിരിച്ച് ഒരു വണ്ടി
അത്രമാത്രം.
ഹോട്ടല്‍ ഡി സിലോണില്‍
നിങ്ങള്‍ കേള്‍ക്കുന്നു
"ഓന് ഒരു ബിരിയാണി കൊടുത്താളീ"
അപ്പോള്‍ത്തന്നെ 'ടപ്' 'ടപ്'
വന്നുവീഴുന്നു രണ്ടു ഗ്ലാസുകള്‍
ഒന്നു കാലി,
മറ്റേതില്‍ സുലൈമാനി!
പതുപതുത്ത കൈപ്പത്തികള്‍
പിന്നിലൂടെ കണ്ണുപൊത്തുമ്പോള്‍
മൂക്കില്‍ ബിരിയാണി ദം
മണത്തിന്റെ വഴിയില്‍
നടന്നുപോവുന്ന
വെളുവെളുത്ത ഒരാണ്‍കുട്ടി.
ഓലക്കീറിലൂടെ നോക്കുമ്പോള്‍
ആയിരംകാല്‍ മണ്ഡപം
ആണ്‍കാലുകളിലുയര്‍ന്ന
താത്കാലിക ഗാലറി
പന്തടക്കമുള്ള കളിക്കാര്‍
ലെവന്‍സ്!
പകല്‍ അസമയത്തു കരയുന്ന
പള്ളിപ്പറമ്പിലെ കിണര്‍
പാറയിടുക്കിലെ പൂഴിയിലിഴയുന്ന
ഡബിള്‍ഡക്കര്‍ ഞണ്ടുകള്‍
മീഞ്ചാപ്പയില്‍ അന്തംവിട്ടു നോക്കുന്ന
പുയ്യാപ്ലക്കോര
തുന്നല്‍ക്കടയില്‍
അളവുതേടി മേലിഴയുന്ന
ശംഖുവരയന്‍
ക്ലാസ് മുറിയില്‍
ഒന്നിനുമേല്‍ ഒന്നായ് ഏടുചേര്‍ന്ന്
യവനിക പൊഴിക്കുന്ന നോട്ടുബുക്കുകള്‍
ഇത്തിരിവട്ടത്തില്‍ കറങ്ങിവീഴുന്ന
കടലാസുപ്രാവുകള്‍
തലേന്നു രാത്രി
നിഴലും നിലാവും
അടുപ്പിച്ചിട്ട രണ്ടു ബഞ്ചുകള്‍
ഞങ്ങളുടെ നാട്ടിലെ വഴികളില്‍
കയ്മ അരിച്ചാക്കു ചുമന്ന്
കൂനി നടക്കുന്ന ചുമട്ടുകാര്‍
വഴിവേലികളില്‍ കാത്തുനില്ക്കുന്ന
ശീമക്കൊന്നപ്പൂമണം
ചായമക്കാനികളില്‍
'ടപ്' 'ടപ്' കുളമ്പടി
കുറച്ചുനാള്‍ കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍
നിങ്ങള്‍ വായിക്കുന്നു:
"സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഇല്ല"
കൊച്ചിയില്‍നിന്ന് കൊയിലാണ്ടിയിലേക്ക്
വരിയുടച്ചുനീളുന്ന വരികള്‍
അത് അളന്നുതളര്‍ന്ന്
ക്രോസ് ചെയ്തു കിതക്കുന്ന രൂപകം
അന്നേരം നിങ്ങള്‍ ശ്രദ്ധിക്കുന്നു...
നേരാണല്ലോ
രണ്ടു മെയില്‍വണ്ടികള്‍!
|