home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

ഉള്ളുര
 
   
  ദോശക്കല്ലില്‍ മാവു പരക്കുമ്പോള്‍
ആശാന്റെ സീതയേക്കാള്‍ ചിന്താവിഷ്ടയായിരുന്നു അവള്‍.
ആശ വറ്റിയ നിശ്വാസത്തിന്റെ പ്രതിദ്ധ്വനി
ദോശക്കല്ലിലെ 'ശ്‌..'ശബ്ദത്തില്‍ എരിഞ്ഞടങ്ങി.

ഉള്ളി അരിയുമ്പോഴും ഉള്ളിലൂറുന്നത്‌
ഉള്ളൂര്‍ക്കവിതകളായിരുന്നു
ഉള്ളിയുടെ എരിച്ചില്‍കൊണ്ടായിരിക്കാം, കണ്ണില്‍ ഒരു
തുള്ളി നിറഞ്ഞുതുളുമ്പിയത്‌.

വെള്ളം നിറച്ച കുടങ്ങള്‍ തോളിലേന്തിയെത്തുമ്പോള്‍
വള്ളത്തോളിന്റെ 'ഭാവശുദ്ധിയുള്ള ഭാരതസ്‌ത്രീ'
'കാന്തനവള്‍ക്കും പ്രാണന്‍' - എതിര്‍വാക്കു വയ്യ.

'അങ്ങേ വീട്ടിലേക്ക്‌' മനസ്സ്‌ അറിയാതെ പാഞ്ഞു.
അങ്ങനെ പുളിശ്ശേരിക്ക്‌ ഉപ്പിടാന്‍ മറന്നു.
അതിന്‌ ഇടശ്ശേരിക്കാണോ കുറ്റം?

പുഴയില്‍ വിഴുപ്പു കഴുകി, കുളിച്ചെത്തിയപ്പോള്‍
ആ 'മനസ്വിനി' ചങ്ങമ്പുഴയെ ഓര്‍ത്തു മൂളി:
'ജാതകദോഷംവന്നെന്തിന്നെന്‍..'

ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ മറുവശത്ത്‌
പലവ്യഞ്‌ജനക്കുറിപ്പെഴുതുമ്പോള്‍
ഫോണില്‍ പഴയ സൗഹൃദം മണിയടിച്ചു.
ഉപരിപഠനത്തെപ്പറ്റി പതിവു ചോദ്യം.
ഇത്തവണ ഉറച്ച ഉത്തരംതന്നെ നല്‍കി.
"കരിക്കലം മോറുമ്പോള്‍ ഖരവും
തുണി അടിച്ചലക്കുമ്പോള്‍ അതിഖരവും
നിന്റെ ഫോണ്‍ബെല്ലിന്റെ അനുനാസികവും
ഒക്കെയില്ലേ എനിക്കു കൂട്ട്‌?
മലയാളമില്ലാതെ എനിക്കു വയ്യ.
എങ്കിലും...
ലീലാതിലകത്തിലെ സൂത്രം പോരാ ജീവിക്കാന്‍."

താലിയുടെ തങ്കത്തിളക്കത്തെ ഓമനിച്ചുകൊണ്ട്‌
ഫോണ്‍ വെക്കുമ്പോള്‍
ഉള്ളിയുടെ എരിച്ചിലില്ലാതെയും
അവളുടെ കണ്ണു നനഞ്ഞു.

 

കൂടുതല്‍ കവിതകള്‍
ഉള്ളുര
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ