home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

അന്തോണി ടെറിക്കന്‍
 
   
  ടി വി യില്‍
ടെണ്ടുല്‍ക്കറെ കാണുംമുമ്പേ
ഞങ്ങള്‍ അന്തോണി ടെറിക്കനെ
അനുഭവിച്ചിരുന്നു.
പനങ്ങാട്‌
മുപ്പത്താറു പന്തില്‍നിന്നും
അമ്പത്താറു റണ്‍സ്‌.
ഇരിങ്ങാലക്കുടയില്‍
ഒരോവറില്‍ അഞ്ചു ബൗണ്ടറി.
മണപ്പാട്‌ കാപ്പില്‍
അനന്തപത്മനാഭനെതിരെ
പടുകൂറ്റന്‍ സിക്സര്‍.
ബാറ്റ്‌
തോക്കും പങ്കായവും ചൂലും ഗിഥാറും പതാകയുമെന്ന്‌
പഠിപ്പിച്ചയാള്‍.
ക്രിക്കറ്റ്‌ പാഡും ഗ്ലൗവും തൊപ്പിയുമല്ലെന്ന്‌
ആണയിട്ടയാള്‍.
രണ്ട്‌

ആദ്യക്കാഴ്ചയില്‍
സച്ചിന്‍ ഒരു ടെറിക്കന്‍.
അതേ കാഴ്ചശക്തി
അതേ കൈക്കുഴ
അതേ താളം
സമയബോധം
ജാഗ്രത

പക്ഷേ പില്‍ക്കാലത്ത്‌
ടെറിക്കന്‍ ടെണ്ടുല്‍ക്കറായില്ല.
വക്കീല്‍ഗുമസ്തനായി.

മൂന്ന്‌

തുടര്‍ച്ചകളെന്തുകൊണ്ട്‌
ഒരാളില്‍ തുടരുന്നു
ഒരാളില്‍ ഞെരിഞ്ഞമരുന്നു?

കോട്ടമൈതാനത്ത്‌
ടെറിക്കന്‍ ചെയ്തതു നൃത്തമെങ്കില്‍
ഓരോ ചുവടും
മുന്‍ചുവടിനെ മായ്ച്ചോ?

തോപ്പ്‌ സേ്റ്റഡിയത്തില്‍
ടെറിക്കനെഴുതിയത്‌ കവിതയെങ്കില്‍
ഓരോ വാക്കും
മുന്‍വാക്കിനെ റദ്ദാക്കിയോ?

കൊടകരയിലെ ചരിഞ്ഞ മൈതാനത്തില്‍
അയാളുടെ കിതയ്ക്കുന്ന നെഞ്ച്‌
ഓരോ മുന്‍തുടിപ്പിനേയും
കഴുത്തുഞ്ഞെരിച്ചോ?

മറവി അതിന്റെ ആത്മച്ഛായ
അയാളില്‍ വരച്ചുപഠിച്ചോ?
അല്ലെങ്കില്‍,
എല്ലാ കണ്ണുകളും
ഫിറോസ്ഷാ കോട്ലാ ഗ്രൗണ്ടായിരുന്ന
ഒരു ഇന്തോ പാകിസ്ഥാന്‍ രാത്രിയില്‍
ടി വിക്കു മുന്നിലൂടെ
ടെറിക്കന്‍ കടന്നുപോയതെന്തിന്‌?
ഒരിക്കല്‍പ്പോലും
ടെണ്ടുല്‍ക്കറെ ഗൗനിക്കാതെ,
ക്രിക്കറ്റാണെന്നുപോലും അറിയാതെ.
തന്റെ നോവല്‍ തിരിച്ചറിയാന്‍ കഴിയാത്ത
അല്‍ഷിമേഴ്സ്‌ ബാധിച്ച
സാഹിത്യകാരനെക്കാള്‍?

ആരും കയറിയിട്ടില്ലാത്ത
മനുഷ്യപര്‍വ്വതത്തിന്റെ
ചെങ്കുത്തുകളിലൂടെ
കയറിക്കയറിപ്പോവുകയായിരുന്നോ അയാള്‍?
ഇപ്പോഴും മഞ്ഞുപുതച്ച്‌
അവിടെവിടെയോ
വീണുകിടക്കുന്നുണ്ടായിരിക്കും.

ചാലക്കുടിയില്‍
ഒരിക്കല്‍ പറത്തിവിട്ട പന്ത്‌
പുഴയില്‍ പതിച്ച്‌
മറഞ്ഞുകിടക്കുംപോലെ.
 

കൂടുതല്‍ കവിതകള്‍
രാമനും കൃഷ്ണനും
അന്തോണി ടെറിക്കന്‍
മുഷ്ടി
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ