home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കാഴ്ചപ്പാട്‌ » ലേഖനം
അഭിരാമി
 
   
പള്ളിക്കൂടത്തില്‍ ചേര്‍ക്കുംമുമ്പ്
അവനെന്നോട് എപ്പോഴും ചോദ്യങ്ങള്‍ ചോദിക്കും;
ഉത്തരം പറയാന്‍ ഞാന്‍ കുഴങ്ങും.
പള്ളിക്കൂടത്തില്‍ ചേര്‍ത്തതില്‍പ്പിന്നെ
ഞാനവനോട് ചോദ്യങ്ങള്‍ ചോദിക്കും;
ഉത്തരം പറയാന്‍ അവന്‍ കുഴങ്ങും."


ഔപചാരിക വിദ്യാഭ്യാസം നമ്മുടെ കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ എങ്ങനെ കെടുത്തിക്കളയുന്നു എന്നുദാഹരിക്കുകയാണ് തമിഴ് കവി സി മണിയുടെ ഈ വരികള്‍. "പോയിനാമിത്തിരി വ്യാകരണം/ വായിലാക്കീട്ടു വരുന്നു മന്ദം / നാവില്‍നിന്നപ്പൊഴേ പൊയ്ക്കഴിഞ്ഞൂ / നാനാജഗന്മനോരമ്യ ഭാഷ" എന്ന് ഇടശ്ശേരിയും വിദ്യാഭ്യാസത്തിലെ ഭാവനാശൂന്യമായ ഔപചാരികതയെ വിമര്‍ശിച്ചിട്ടുണ്ട്. ചോക്കും ചൂരലും ചോദ്യങ്ങളും ചുറ്റുമതില്‍ തീര്‍ക്കുന്ന ഔപചാരികാന്തരീക്ഷം ഭാവനയെ കുറ്റമായി കരുതി. സര്‍ഗ്ഗാത്മകതയെ മുളയിലേ നുള്ളിയെറിഞ്ഞു.


എന്നാല്‍, കഴിഞ്ഞ ഒരു ദശകത്തിലേറെയായി കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കിവരുന്ന സര്‍ഗ്ഗാത്മകതയ്ക്കു മുന്‍തൂക്കംനല്കുന്ന പാഠ്യപദ്ധതിപരിഷ്കരണം പഴയ തെറ്റുകള്‍ തിരുത്താന്‍ സാഹചര്യമൊരുക്കിയിട്ടുണ്ടെന്നു വേണം കരുതാന്‍. ചുരുങ്ങിയപക്ഷം ഗ്രാമങ്ങളിലെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളിലെങ്കിലും. നിഷ്കളങ്കവും കൌതുകകരവും അസംബന്ധങ്ങളുമായ ചോദ്യങ്ങള്‍കൊണ്ട് അദ്ധ്യാപകരെ കുഴക്കുവാന്‍ ഇന്നു കുട്ടികള്‍ മുതിരുന്നുണ്ട്. അതിനുള്ള സ്വാതന്ത്ര്യമെങ്കിലും അവര്‍ക്കു ലഭിച്ചിട്ടുണ്ട്. ചെറിയക്ലാസുകള്‍മുതല്‍ സര്‍ഗ്ഗാത്മകരചന ഇന്നു പഠനത്തിന്റെ ഭാഗവുമാണ്. ഭയമോ സങ്കോചമോ കൂടാതെ അവരിന്ന് എഴുതുന്നു. അവരെഴുതുന്നതെല്ലാം കവിതയാകണമെന്നില്ല. അവര്‍ക്ക് കവികളാവണമെന്നുമില്ല. പലപ്പോഴും അവ പഠനപ്രവര്‍ത്തനത്തിന്റെ യാന്ത്രികനിര്‍മ്മിതികളാവാനും മതി. എങ്കിലും പ്രോത്സാഹനത്തിന്റേതായ ഉദാരമായ അന്തരീക്ഷം അവര്‍ക്കിന്നു ലഭിക്കുന്നുണ്ട്.


ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് അഭിരാമിമാരുണ്ടാകുന്നത്. ആരാണ് അഭിരാമി?. പതിനൊന്നു വയസ്സുകാരിയായ ഒരു സാധാരണ സ്കൂള്‍കുട്ടി. വീട്, സ്കൂള്‍, പരിസരം, അമ്മ, അച്ഛന്‍, കൂട്ടുകാര്‍, കോഴി, പശു, പുസ്തകം, പെന്‍സില്‍.. അങ്ങനെ നമുക്കു പരിചിതമായ ലോകത്തുതന്നെയാണ് അവള്‍ ജീവിക്കുന്നത്. എന്നാല്‍ കണ്ടുപഴകിയ ഈ ലോകത്തെ നമുക്കറിയാത്ത മുക്കുകളും മൂലകളും അഭിരാമി കാണിച്ചുതരുന്നു. 'കണ്ടതിലൊക്കെയും കൌതുകവും കണ്ടീല പണ്ടിതെന്നത്ഭുതവും'- അഭിരാമിയെ കവിയാക്കിമാറ്റുന്നത് കുട്ടിത്തത്തിന്റെ ഈ സ്വാഭാവിക സിദ്ധിവിശേഷം മാത്രമല്ല, അതു പകരുന്ന ഭാഷയുടെ ആര്‍ജ്ജവവും അനുഭവത്തിന്റെ ഊര്‍ജ്ജവും കൂടിയാണ്. മാതൃഭൂമിയുടെ കുട്ടി ഡോട് കോമിലും യുറീക്കയിലും മറ്റും അഭിരാമിയുടെ ചില കവിതകള്‍ ഇതിനകം പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. ഇയ്യിടെയാണ് അവളുടെ നോട്ടുപുസ്തകം എനിക്കു വായിക്കാന്‍ കിട്ടിയത്. അതിലെ ചില ഏടുകള്‍ ഹരിതകത്തിന്റെ വായനക്കാര്‍ക്കായി തുറന്നുവക്കുന്നു. അഭിരാമി എടപ്പാളിലുള്ള വെറൂര്‍ എ യു പി സ്കൂളില്‍ ആറാംക്ലാസില്‍ പഠിക്കുന്നു. പക്ഷേ, അവളുടെ കവിതയോ?

 

മറ്റുള്ളവ‍...
  • ഊട്ടിയിലെ തമിഴ്‌-മലയാള കവിസംഗമം
  • അഭിരാമി
  • കാക്കയായിരുന്നതിന്‍ ബാക്കി
  •    

    © ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ