Roberto Juaroz

ആകാശത്തിന്റെ പശ്ചാത്തലത്തില്‍ മരച്ചില്ല എന്നപോലെ
ചിന്തകളെ നമുക്കു വരയ്ക്കാനായെങ്കില്‍
ആ ചിന്തകളില്‍
എന്തെങ്കിലും ചേക്കേറാതിരിക്കില്ല
ചില്ലകളില്‍ കിളിയെന്നപോലെ

നമ്മുടെ സത്തയില്‍ത്തന്നെയുള്ള
ഒരു പിശകിനെയാണ് നാം
സ്വയം വലിച്ചിഴച്ചുനടക്കുന്നത്

നമ്മളെ പൊതിയുന്ന ഈ വലയ്ക്കുള്ളില്‍
കുറേക്കൂടി പിണ്ഡമുള്ള പദാര്‍ത്ഥമാകേണ്ടിയിരുന്നു നാം

ആ പോരായ്മ പരിഹരിക്കാനാവാം
ഇങ്ങനെ അലഞ്ഞുതിരിയുന്ന ബിംബങ്ങളെ
ആകാശപശ്ചാത്തലത്തില്‍ മരച്ചില്ലകളെ എന്നപോലെ
നാം വരച്ചിടുന്നത്

........................................

മൊഴിമാറ്റം : പി. പി. രാമചന്ദ്രന്‍