Roberto Juaroz

അവന്‍ എല്ലായിടത്തും
ജാലകങ്ങള്‍ വരച്ചുവെച്ചു
ചുമരുകളില്‍ - ഉയരം കൂടിയതും കുറഞ്ഞതും പരുക്കനുമായ
ചുമരുകളില്‍, മൂലകളില്‍, വായുവില്‍
മേല്‍ക്കൂരയില്‍പ്പോലും

പക്ഷികളെ എന്നപോലെ അവന്‍
ജാലകങ്ങള്‍ വരച്ചു
തറയില്‍, ഇരവില്‍,
തൊട്ടറിയാവുംവിധം ബധിരമായ നോട്ടങ്ങളില്‍,
മൃത്യുവിന്റെ പുറമ്പോക്കുകളില്‍,
ശവമാടത്തില്‍, മരങ്ങളില്‍

വാതിലുകളിന്മേലും അവന്‍
ജാലകങ്ങള്‍മാത്രം വരച്ചു
എന്നാല്‍ ഒരിക്കല്‍പ്പോലും വാതില്‍ വരച്ചില്ല
അവന് പുറത്തുപോകുകയോ തിരിച്ചുവരികയോ വേണ്ടായിരുന്നു
അതസാദ്ധ്യമാണെന്ന് അറിയുകയും ചെയ്യാമായിരുന്നു

അവനു കണ്ടുകൊണ്ടിരിക്കയേ വേണ്ടൂ
അതിനാല്‍ അവന്‍ ജാലകങ്ങള്‍മാത്രം വരച്ചു.

..................................................................

മൊഴിമാറ്റം : പി. പി. രാമചന്ദ്രന്‍