Kamarudheen Amayam

കാണാറുണ്ട്
സായാഹ്നസവാരിക്കിടെ
തിയ്യേറ്റര്‍ കോംപ്ലക്‌സിനു മുന്നിലെ
തിരക്കില്‍
പുകയൂതി നില്‍ക്കും കൊലുന്നന്‍
ബംഗാളിയെ
പിമ്പെന്നോ മുമ്പെന്നോ വിളിക്കാം
ആവശ്യംപോലെ

ഒന്നമര്‍ത്തി നോക്കിയാല്‍ ചിരിച്ചാല്‍
അരികിലെത്തി ചോദിക്കും
കിളുന്ത് റഷ്യയുണ്ടു സാര്‍
വിളഞ്ഞ കോതമ്പുപാടം

ഇറുക്കന്‍ കണ്ണുള്ള
ഒറിജിനല്‍ ചൈന
പുത്തരിച്ചോറിന്റെ ആവിയും മണവും
പറക്കും ഫിലിപ്പിനോ
യുദ്ധഭൂമിയില്‍നിന്നും
ഒറ്റപ്പോറലുമേല്‍ക്കാതെ
കഷ്ടിച്ചു രക്ഷപ്പെട്ടെത്തിയ ഇറാക്കി
മുബാറക്കിന്റെ ചെകിടത്തടിച്ച മിസരി
ഉണ്ണുന്നതെല്ലാം മാറില്‍ കുരുപ്പിക്കും
ജബൂത്തി

വെണ്ണീറിന്റെ മണമെന്നാലും
മണ്ണോളം താഴ്ന്നു ചിരിക്കും
ചന്തവും ചന്തിയുമുള്ള സുഡാനി

ഒരുവെടിക്ക് രണ്ടു വന്‍കരകള്‍
ഒന്നിച്ചു രുചിക്കണോ
വാനക്കണ്ണുള്ള തുര്‍ക്കി ഇരിപ്പുണ്ട്

ഇഷ്ടപ്പെടാതിരിക്കില്ല
ഇന്നലെ എത്തിയതേ ഉള്ളു
കാശ്മീര്‍ സന്തതി

ഏതോ പഴയ സിനിമയില്‍
പലജാതി വാച്ച് ഇരുകൈകളിലണിഞ്ഞ്
ഫോറിന്‍ വില്പനക്കാരനായെത്തും
കുതിരവട്ടം പപ്പുതന്നെ

എത്ര രസത്തില്‍ ആയാസത്തില്‍
മലര്‍ത്തിയടിക്കുന്നു ചെറുതാക്കുന്നു
ലോകത്തെ ഇയാള്‍
ഒരു കുഞ്ഞുയോനിയോളം

വാചക ചതുപ്പില്‍നിന്നൂരിപ്പോരാന്‍
കൊതിച്ചും കൊതിക്കാതെയും ചോദിച്ചു

റഷ്യയെന്നാല്‍ അസ്സല്‍ റഷ്യയാണോ
അതോ വല്ല തജീക്കി കസാക്കി തുര്‍ക്കുമാനി
അസര്‍ബൈജാന്‍ മുക്കുപണ്ടങ്ങള്‍
എങ്ങനെയായാലും
മാര്‍ക്‌സോളം വരുമോ മാര്‍ക്‌സിലിട്ടത്?

ചൈന എന്നു പറയുമ്പോള്‍
നമ്മുടെ ദീനില്‍ പെട്ടതായിരിക്കുമോ
അറിഞ്ഞിടത്തോളം അവര്‍ക്കില്ല
മതം വിശ്വാസം ദൈവം
ഇനിയുണ്ടെങ്കിലും ഉറയ്ക്കുന്നില്ല
മുനയിരിക്കാത്തവളൊത്തുള്ള സുരതം

വേണ്ട ചോറിനൊപ്പം
പാറ്റയെ നായയെ പെരുച്ചാഴിയെത്തിന്നും
ഫിലിപ്പിനോയെ

സഹിക്കില്ല മമ്മിയെപ്പോല്‍ പ്രശസ്തമാം
ഈജിപ്ഷ്യന്‍ വായ്‌നാറ്റം
തുര്‍ക്കികളുടെ ഗര്‍വ്വ്

താങ്ങില്ല അടിമകളില്ലാത്ത ആഫ്രിക്കയെ
എത്ര കൊഴുത്ത മാറിടം കണ്ടാലും
ഓര്‍മ്മ കുഴിതോണ്ടും സോമാലിയന്‍ വറുതി
റുവാണ്ടന്‍ തലയോടുകള്‍

ഉണ്ടല്ലോ കാശ്മീരി
നമുക്കതു മതി
എത്ര നാളായ് കൊതിക്കുന്നു
ദാല്‍ തടാകത്തില്‍ ഒരു ഉല്ലാസയാത്ര

എങ്കിലും ചോദിക്കുന്നതില്‍
മുഷിയരുതു സുഹൃത്തേ
ഇവളേതു കാശ്മീരി?
മറ്റൊന്നും കൊണ്ടല്ല
എന്തും അതിരുവിടാതെ സൂക്ഷിക്കണമല്ലോ
ഇക്കാലത്തു വിശേഷിച്ചും.