ഇങ്ങനെയൊരു പേര് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ?
എവിടെയാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല.
അമ്പലമണി എന്ന പേരില്‍
സുഗതകുമാരിയുടെ ഒരു കവിതയുണ്ട് - അതില്‍ മണിയുണ്ട്.
പള്ളിമണികള്‍ എന്ന പേരില്‍
വൈലോപ്പിള്ളിയും ഒരു കവിത എഴുതിയിട്ടുണ്ട് - അതിലുമുണ്ട് മണി.
സ്കൂള്‍മണി എന്ന പേരില്‍ ഒരു കവിത
ഞാന്‍ ഉടനെ എഴുതും.
'മണിമുഴക്കം മരണദിനത്തിന്റ മണിമുഴക്കം'എന്ന്
ഇടപ്പള്ളി പ്രവചനശേഷിയോടെ എഴുതിയ കവിത
എല്ലാവരും ഓര്‍മ്മിക്കുന്നു.
'മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി എന്ന് ചോദിക്കരുതല്ലോ' എന്ന്
പൂജ്യം എന്ന കഥയില്‍ ആനന്ദ് ചോദിക്കുന്നു.
പിന്നെ ആരൊക്കെ എന്തൊക്കെ ചോദിക്കുന്നുവെന്ന്
കൃത്യമായി അറിഞ്ഞുകൂടാ.
കൃത്യമല്ലാതെയുമറിഞ്ഞുകൂടാ.
കൃത്യം എന്ന വാക്കു കേള്‍ക്കുമ്പോള്‍ത്തന്നെ
എന്തോ ഒരോര്‍മ്മ വരുന്നു;
എന്താണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല.
എന്തായാലും 'മണി'ക്ക് മലയാളസാഹിത്യത്തില്‍
പണ്ടുതൊട്ടേ പ്രമുഖസ്ഥാനമുള്ളതായി കാണുന്നു.
മണിപ്രവാളം എന്ന ഒരു സാഹിത്യപദ്ധതിതന്നെ ഉണ്ട്!
ഈ വിഷയം പ്രതിപാദിക്കുന്ന
പതിനാലാം നൂറ്റാണ്ടിലെ 'ലീലാതിലകം'എന്ന കൃതിയില്‍
മണിയെപ്പറ്റി അതിശക്തമായ പരാമര്‍ശങ്ങളാണുള്ളത്.
അതുകൊണ്ട് മണി അക്കാലത്തുതന്നെ
പ്രാബല്യത്തിലിരുന്നുവെന്ന്
പണ്ഡിതന്മാര്‍ അനുമാനിക്കുന്നു.
മണിക്ക് തമിഴില്‍ മാണിക്യം എന്നര്‍ത്ഥം
മാണിക്യം ചുവന്നതാണ്.
സംസ്കൃതത്തില്‍ മണിക്ക് മുത്ത് എന്നാണര്‍ത്ഥം.
മുത്ത് വെളുത്തതാണ്.
പ്രവാളം പവിഴമാണ്. ചുവപ്പ് - അതില്‍ തര്‍ക്കമില്ല.
മണിയുടെ കാര്യത്തിലാണ് തര്‍ക്കം.
എന്തായാലും മണിപ്രവാളം പഠിപ്പിച്ചുപഠിപ്പിച്ചു ഞാന്‍ വശംകെട്ടു.
ഇപ്പോള്‍ എന്റെ പഴയൊരു ശിഷ്യന്‍ വിളിച്ചു ചോദിക്കുന്നു,
മണിക്ക് കണ്ടമ്പ(റ)റിയായ മറ്റൊരര്‍ത്ഥംകൂടിയില്ലേ എന്ന്!
അപ്പോള്‍ മണിപ്രവാളത്തെ എങ്ങനെ വ്യാഖ്യാനിക്കുമെന്ന്!
ഇത്രയും കാലത്തിന്റെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍
ഞാന്‍ ഉറപ്പിച്ചു പറഞ്ഞു :"എനിക്കു കൃത്യമായി അറിഞ്ഞുകൂടാ!"

