(എസ്.ജയചന്ദ്രന് നായര്‍ക്കും എന്‍.ശശിധരനും)
ഓര്‍ക്കാറുണ്ട്
വിളിക്കണമെന്നും കരുതും
നടക്കില്ല
ഇന്നാള് നിന്നെ വിളിക്കാന്‍ തുടങ്ങീതാണ്
അപ്പോഴാണ് ടി.പി.ചന്ദ്രശേഖരന്റെ..
കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലല്‍
പെറ്റമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലല്‍
ഞങ്ങള്‍ ഇന്നാട്ടുകാര്‍ക്ക്
കണ്ടുകണ്ട് എല്ലാം സാധാരണം
ചില്ലറ വാക്കുകളേ വേണ്ടൂ
സാധൂകരിച്ചു നീങ്ങാവുന്നതേയുള്ളൂ
എഴുത്തുകാര്‍ എന്ന മൈലേജ് ഉണ്ട്
ഊഷ്മളമായ ഒരുപമ
നേരസ്ഥന്‍ അല്ലെങ്കില്‍ വ്യത്യസ്തന് ചമയല്‍
ഒഴിവാകും
ഇക്കുറി എളുപ്പമല്ല
പാളുന്നു ആ കോടാലി
ട്രോട്സ്കിയുടെ ചോര പുരണ്ടത്
മെക്സിക്കോയില്‍നിന്നും ചുറ്റിത്തിരിഞ്ഞ്
തലശ്ശേരിയില്‍ ഒരു കുഗ്രാമത്തില്‍
നിന്റെ കൈതാരത്തും
രക്ഷപ്പെടാന്‍ നീ ഉപയോഗിക്കുന്ന വാക്കില്‍
എവിടേയും
പിടിയും വായ്ത്തലയും
മാറിമാറി തിരിയുന്നു
എന്റെ നിന്റെ നേരേയും
കൊല്ലുന്നതും കൊല്ലപ്പെടുന്നതും
ഒരാള്‍ തന്നേയോ?
എനിക്ക് ശരീരത്തിന്
ഒരസുഖവുമില്ല
ന്യായീകരണപ്രസംഗം കഴിഞ്ഞ്
വീട്ടില്‍ വന്നുകേറിയ
കെ.ദാമോദരന്‍ ഉണ്ടായപോലെ
ഉരുണ്ടുകേറും ചിലപ്പോള്‍
ഓക്കാനത്തിന്റെ ഒരു തിര
ഉറക്കു കിട്ടുന്നില്ല
സ്മരണകളാണ്
ഇരമ്പുകയാണ്
ബലികുടീരങ്ങള്ക്കകത്ത് പൊറുതിയില്ലാഞ്ഞ്
പുറത്തുവന്ന്
നീ മനസ്സിലാക്ക്
ഒന്നും ഇനി പഴയപോലാവില്ല
അതുകൊണ്ട്
ഡോണ്ട് ഹാവ് എ നൈസ് ഡേ
സ്ഥിരം മൂലയില്‍ ഇരിപ്പുണ്ട്
തിരസ്കാരത്തിന്റെ ചവറ്റുകുട്ട
വിരോധമൊന്നുമില്ല അങ്ങനെ കഴിയാന്‍
അങ്ങനെപോയി ആ ടെലിഫോണ്ഭാഷണം
ഏറെനാള്‍
പലയിടങ്ങളില്‍ ചിതറിയ എന്നെ
പെറുക്കി നിരത്തി
ഒടുവില്‍ ചങ്ങാതിയെ വിളിച്ചപ്പോള്‍
ഞാനതു നിങ്ങളോടു പറഞ്ഞെന്നേയുള്ളു
വന്നുപെട്ടുകാണും ചിലപ്പോള്‍ അലങ്കാരം
പൊറുക്കണേ
കാര്യംമാത്രം മനസ്സിലാക്കണേ.


