നക്ഷത്രങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്,
നക്ഷത്രങ്ങളെക്കുറിച്ചോ എന്ന് ചോദിക്കല്ലേ,
അതെ, നക്ഷത്രങ്ങളെക്കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്
അഭിനയിച്ചഭിനയിച്ച് നക്ഷത്രങ്ങളായവരെക്കുറിച്ച്
അതെ, അഭിനയിച്ചഭിനയിച്ചാണ് അവർ നക്ഷത്രങ്ങളായി തീർന്നത്
ആകാശത്ത് സ്ഥിരവാസം തുടങ്ങിയതിൽ പിന്നെയാണ് ഭൂമി അവർക്ക് ഒരന്യഗ്രഹമായി തീർന്നത്
പിന്നെയെല്ലാം അവർ മറന്നുപോയി
കാറ്റ് മഴ മഴവില്ല് വെയിൽ
ചിതലുകൾ ഉറുമ്പുകൾ ഇലയിൽ നിന്നും ഉറ്റിറ്റുവീഴുന്ന മഞ്ഞുതുള്ളികൾ പൂക്കൾ പ്രണയം,
അങ്ങനെ എല്ലാം എല്ലാം, ഭൂമിയെ തന്നെയും
എത്രകാലം എന്ന് വെച്ചാണ് ഇങ്ങനെ തൂങ്ങിയുള്ള നില്പ്പ്
തൂങ്ങിയങ്ങനെ കുറച്ചു കാലങ്ങൾ നില്ക്കുമ്പോൾ, ആരായാലും ഏതായാലും അടർന്നു പോകേണ്ടേ,
പ്രകൃതി നിയം വാറോലയല്ലല്ലോ
അങ്ങനെയല്ലേ ചില നേരങ്ങളിൽ ഭൂമി വഴി യാത്ര പോകാൻ അവർ നിർബന്ധിതരാകുന്നത്
അങ്ങനെയല്ലേ പ്രണയം എന്ന മൂന്നക്ഷരമുണ്ടെന്ന് മനസ്സിലാക്കുന്നത്,
കാമം എന്ന രണ്ടക്ഷരത്തിൽ നിന്ന് ഏറെ വ്യത്യസ്ഥമാണതെന്ന് തിരിച്ചറിയുന്നത്
അങ്ങനെയല്ലേ മുഖത്തെ അനേകം നിറങ്ങൾ മായ്ച്ചു കളഞ്ഞ് മായ്ച്ചു കളഞ്ഞ്
അഭിനയത്തിന് പ്രസക്തിയില്ലാത്ത ഒരു ദ്വീപിലേക്ക് കപ്പൽ കയറുന്നത്
ഇപ്പോൾ അവർ ആ ദ്വീപിലാണ്,
ആ ദ്വീപിലെ അന്നത്തെ രാത്രിക്ക് ശേഷം വന്ന പ്രഭാതത്തിൽ
രണ്ടു നക്ഷത്രങ്ങൾ സൂര്യ വെളിച്ചത്തിൽ ഛായം തേക്കാത്ത രണ്ടു മുഖങ്ങൾ കണ്ടു ഞെട്ടി
അതു തങ്ങളുടെതന്നെ മുഖമാണല്ലോ എന്നറിഞ്ഞ് പിന്നെയും ഞെട്ടി
അഭിനയിക്കാനറിയാതിരിക്കുക ഏറ്റവും പ്രസക്തമായ ഒരു ദ്വീപിൽ
അഭിനയിക്കാൻ മാത്രം അറിവുള്ള രണ്ടു നക്ഷത്രങ്ങൾ
അഭിനയമല്ല ജീവിതം എന്ന് പേരുള്ള ഒരു സർവ്വകലാശാലയിൽ നിന്നും
തല കുനിച്ച് പടികൾ ഇറങ്ങുന്നതിന്റെ ദൃശ്യത്തിന് താഴെ
രാത്രിയിലെ വാർത്തക്ക് ശേഷം വീണ്ടും പുന:സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും എന്ന് എഴുതിയത് ആരോ ഉറക്കെ വായിക്കുന്നു,
തമാശരംഗങ്ങൾ കണ്ട് ആർത്ത് ചിരിക്കുന്ന ഒരു ചലച്ചിത്രശാലയെ ഓർമ്മിപ്പിക്കുന്നു
ചിരിക്കുന്നതിന്റെ ഒച്ചകൾ...

