Satchidanandan Puzhankara

കർക്കടവാവിന്റെയന്ന്,
തുഞ്ചൻ പറമ്പിലിരുന്ന്,
പത്തുപന്ത്രണ്ടാളു ചേർന്ന്,

തത്ത്വങ്ങൾ തമ്മിൽ പറഞ്ഞ്.....

കാഞ്ഞിരച്ചാർത്തുകൾക്കുള്ളിൽ
ചാഞ്ഞ മുളങ്കാടിനുള്ളിൽ
പച്ചപ്പുൽനാമ്പുകൾ ക്കുള്ളിൽ
രാമായണം മാറ്റിവെച്ച്
ചീവീടുകൾ പാടിനീട്ടി
നാരായമോലയിൽ പാളും
രാമാനുജന്റെ സന്താപം;
യുദ്ധം കഴിഞ്ഞ ഗാന്ധാരി
ആർത്തലയ്ക്കുന്നതായ് തോന്നി,
വെട്ടേറ്റുവീണോനൊരുത്തൻ
കൂട്ടത്തിലുള്ളതായ് തോന്നി,
ആരോ കവിതയ്ക്കു വാലിൽ
തീ പിടിപ്പിച്ചതായ് തോന്നി,
അഞ്ചെട്ടു വാഴയിലൊന്ന്
കണ്ണനാണെന്നാണു തോന്നി,
കുഞ്ചനണ്ണാൻ നാട്ടുമാവിൻ
തുഞ്ചത്തിരിപ്പതായ് തോന്നി....

കാറ്റും മഴയുമില്ലാത്ത
ഞാറ്റുവേലപ്പോക്കിനൊപ്പം
തത്തപ്രതിമയ്ക്കു പിന്നിൽ,
കർക്കടവാവിന്റെയന്ന്...