അമ്മയുടെ ഷിഫോണ്‍സാരി
വലിയൊരു പൂന്തോട്ടമായിരുന്നു
എന്തുമാത്രം ചെടികള്‍
എത്രതരം പൂവുകള്‍, നിറങ്ങള്‍
ഞങ്ങള്‍ പൂമ്പാറ്റകള്‍
അതിനെത്തന്നെ ചുറ്റിപ്പറ്റി
പറന്നു നടന്നു.
അവിടെത്തന്നെ ഉണ്ടു, ഉറങ്ങി
രാത്രികളില്‍ അതില്‍ നക്ഷത്രങ്ങള്‍ വിരിഞ്ഞു
നിലാപ്പൂവുകള് പിടിവിട്ട് താഴേക്കു വീഴുന്നതുംനോക്കി
ശ്വാസമൊതുക്കിപ്പിടിച്ചു കിടന്നു
ഋതുക്കള്‍ മാറിമറിഞ്ഞു
ഞങ്ങളുടെ പൂമ്പാറ്റച്ചിറകുകള്‍
കൊഴിഞ്ഞുപോയി
ഉച്ചയ്ക്ക് റെയില്‍വേസ്റ്റേഷനിലേക്ക്
ആള്‍ക്കൂട്ടത്തിനുള്ളിലൂടെ
വേര്‍ത്ത് ഒഴുകുമ്പോള്‍
ആകാശത്ത് അതാ ആ പഴയ
ഷിഫോണ്‍ സാരി!
പിറകെ പൂമ്പാറ്റകളുമുണ്ട്
എല്ലാം വളരെ നരച്ചുപോയിരിക്കുന്നു
വെയിലിന്റെ വെള്ള കാന്വാസിനുള്ളിലൂടെ
അതങ്ങനെ പറന്നു പോകുന്നു

