V.K.Narayanan

അവനാരാണിപ്പോള്‍മാത്രം
ഇവിടേക്കു കടന്നുവരുന്നോന്‍?
അവനെപ്പോള്‍ എന്തു മഹാബലി
അടിയങ്ങള്‍ക്കായി നടത്തി?

പൊരിവെയിലില്‍ ചുട്ടുപഴുത്തും
കെടുമഞ്ഞില്‍ കോച്ചിവിറച്ചും
ഇടനെഞ്ഞിന്‍ തന്റേടത്താല്‍
ഇടിവെട്ടിനൊടേറെയിടഞ്ഞും

നരനായി വളര്‍ന്നതുമൂലം
കരിമേഘക്കൂറയുടുത്തും
മലനാടിന്‍ മക്കള്‍ ജീവന്‍
ബലിയിട്ടു മടയ്ക്കും നേരം
അവനെങ്ങനെ ആണ്ടിലൊരിക്കല്‍
തലകാട്ടി മടങ്ങാനാവും?

അവനുണ്ടോ ബലിയുടെ ഞായം
അടിയങ്ങടെ മുന്നിലുയര്‍ത്താന്‍?
അവനെങ്ങനെ ചിങ്ങം മാത്രം
അതിസുന്ദരമായിത്തോന്നി?

വയര്‍കാഞ്ഞു വിതച്ച വിയര്‍പ്പാല്‍
വയലൊക്കെ വിളഞ്ഞുകനിഞ്ഞു
കരളിന്റെ തരിപ്പു പകര്‍ന്നീ
കരയൊക്കെ പുഞ്ചിരി തൂകി
കുടിലിന്റെയടുപ്പില്‍നിന്നും
പുകയിത്തിരി പൊങ്ങുകയായി
പൊലികൂട്ടി പാറ്റിയൊഴുക്കീ
പലദിക്കില്‍നിന്നു കിടാങ്ങള്‍
ഇളകൊള്‍കെ, തമ്മിലുണര്‍ത്തും
വിളി കേള്‍ക്കും നേരം മാത്രം
അവനാരാണാര്‍ഭാടത്താല്‍
ഇവിടേക്കു കടന്നുവരുന്നു?
അവനേതൊരു ബലിയുടെ ഞായം
അടിയങ്ങടെ മുന്നിലുയര്‍ത്തും?

എഴുനള്ളിവരുന്നോരവനെ
എതിരേല്‍ക്കുവതരാരാരിവിടെ
സഹജന്റെ മടമ്പു ചവിട്ടി
അധികാരപ്പടവു കടപ്പോര്‍
പൊളിവാക്കും കള്ളപ്പറയും
പലിശയ്ക്കു കൊടുത്തു തിമിര്‍പ്പോര്‍
ജനജീവിതഭദ്രത വെറുതേ
മുനയുന്നൊരു മുടിയാക്കുന്നോര്‍
ഈ നാളുകള്‍ കാലേക്കാണാ-
നാവാത്തവനല്ലെന്നാകില്‍
അവനെങ്ങനെ പൊന്തിയ കാലി-
ന്നടിയില്‍ തല ചായ്ക്കാന്‍ തോന്നി?
അവനെങ്ങനെ ബലിയുടെ പദവി
അടിയങ്ങടെ മറവി കെടുത്താന്‍?
എഴുനള്ളിവരുന്നോരവനെ
എതിരേല്‍ക്കുവതരാരാരിവിടെ
അവര്‍ കാട്ടും പുലയാട്ടത്തിന്
അവനെന്നിനി അറുതിവരുത്തും?
അവര്‍ തീര്‍ക്കും പൂക്കളമെല്ലാം
അവനെന്നു ചവിട്ടി മെതിക്കും?

ഈ നാട്ടിലെ മാനുഷരൊന്നായ്
ആമോദത്തോടെ വസിക്കും
തന്‍ കാലം വീണ്ടുപുലര്‍ത്താന്‍
വയ്യാത്തവനെന്തിനു വെറുതേ
വല്ലപ്പൊഴുമിവിടെ വരുന്നു?

ഇനി വില്‍ക്കാന്‍ കാണം ബാക്കി
അടിയങ്ങള്‍ക്കില്ലെന്നറികെ
അവനെങ്ങനെ ആണ്ടോടാണ്ടീ
തിരുവോണപ്പൊയ്മുഖമണിവൂ?

കൂടുതല്‍ കവിതകള്‍