പത്രക്കാരന് ഇന്നലെ രാത്രി മരിച്ചുപോയി
നേരം വെളുക്കുംമുമ്പ്
ഒരായിരം വാര്‍ത്തകളുമായി
കിതച്ചു വരാറുള്ളവന്‍
മരണം എങ്ങിനെയായിരുന്നു എന്നറിയില്ല.
ഇന്നിനി പത്രം വരാന്‍ സാദ്ധ്യതയില്ല
ചായ മാത്രം കുടിച്ചിരിക്കാം
ആദ്യ വെയില്‍നാളങ്ങള്‍ വീണുതുടങ്ങി
രണ്ടു സങ്കടങ്ങള്‍ ഉണ്ടായി
ഇന്നത്തെ പത്രം കിട്ടില്ലല്ലോ എന്നും
പാവം പയ്യന് മരിച്ചുപോയല്ലോ എന്നും.
ഇനി കാത്തിരിക്കുന്നില്ല
അകത്തുപോയി ഒരു ചായയുണ്ടാക്കി
വീണ്ടും പുറത്തുവന്നപ്പോള്‍
അതാ മുറ്റത്തു പത്രം
ചൂടാറാത്ത വാര്‍ത്തകളുമായി.
പത്രം വായിച്ചുകഴിഞ്ഞപ്പോഴും
രണ്ടു സങ്കടങ്ങളുണ്ടായി
മരിച്ചിട്ടും മറക്കാതെ അവന്
പത്രം കൊണ്ടുവന്നിട്ടല്ലോ എന്ന്
പത്രം മുഴുവന്‍ പരതിയിട്ടും
അവനെക്കുറിച്ച് ഒരു തുണ്ടു വാര്‍ത്ത
ഇല്ലല്ലോ എന്നും.

