K.V.Maniraj

ഒരു മൃഗത്തെ
വിരലുകൊണ്ട് ഉന്തിയതിന്
സക്കീര്‍ ഹുസൈനെ
പോലീസ് അറസ്റ്റുചെയ്തു

അപ്പോഴും സക്കീറിന്റെ
അടികൊള്ളാന്‍
ഭൂമിയിലെ
ഭയങ്കര പര്‍വ്വതങ്ങളിറങ്ങി
മൃഗങ്ങള്‍ വരിവരിയായി എത്തിത്തുടങ്ങി

ഒരു മുളംതണ്ടിനെ
പ്രാണവായുകൊണ്ട്
ഊതിക്കരയിച്ചതിന്
ഫോറസ്റ്റ് ഓഫീസര്‍മാര്‍
ഹരിപ്രസാദ് ചൌരസ്യക്കെതിരെ
കേസെടുത്തു

മുളംകാടുകളില്‍
അലഞ്ഞുതിരിയുന്ന പെണ്‍കാറ്റുകള്‍
ചൌരസ്യയുടെ ചുംബനം കൊള്ളാന്‍
പുല്‍പ്പൂവുകളില്‍ പതുങ്ങിനിന്നു

ക്ഷേത്രമുറ്റത്ത്
കാളക്കുട്ടിയെ കോലുകൊണ്ടടിച്ച്
അലറിക്കരയിച്ചതിന്
പല്ലാവൂര്‍ അപ്പുമാരാരെ ജയിലിലടച്ചു

മാരാരുടെ അടികൊള്ളാന്‍
തൊഴുത്തു പൊളിച്ച് കാളക്കുട്ടികള്‍
ശബ്ദവേഗത്തില്‍
അമ്പലപ്പറമ്പിലേക്ക് ഓടിവന്നു.

കൂടുതല്‍ കവിതകള്‍