Harisankar Kartha

[ഉടലുകളെന്തോ കളി പറയുന്നൂ
ചുണ്ടുകളുരയുന്നൂ
പല്ലുകൾ തേക്കാതുമ്മകൾ വയ്പ്പൂ
പാപം ചെയ്യാത്തോർ]

[അരണി കടഞ്ഞൊരു ബീഡി കൊളുത്തീ
ചുണ്ട് കറുക്കുന്നൂ
ഞൊടിയിട കൊണ്ടൊരു കോപ്പയൊഴിഞ്ഞൂ
വാറ്റ,തി ഗംഭീരം]

[പാവനമേതോ സങ്കല്പത്തിൻ
ജീൻസുകളഴിയുന്നു
ജീനുകൾ കോർക്കും നാടകൾ പൊട്ടും
വെള്ളിടി പൊട്ടുന്നൂ]

[അനവധി നിരവധി വേർപ്പിഞ്ചാലുകൾ
ചാടി മറിഞ്ഞവളേ
നിരവധി അനവധി പൂഞ്ചോലകളേ
കുത്തി മറിച്ചവനേ]

[സാഗരമേതോ ഗർവ്വിൽ ചുമ്മാ
വേലികളേറുന്നൂ
മട്ടുപ്പാവിൽ മാന്ത്രികകൌമുദി
മാന്തളിർ വിതറുന്നൂ]

[വെടി വെച്ചീടാൻ തോക്ക് നിറയ്ക്കെ
കണ്ണുകൾ പൊട്ടുന്നൂ
മഴവിൽക്കൊടിയിൽ കാറ്റ് പിടിക്കും
സന്ധ്യകളെരിയുന്നൂ]

[ഉടലുകളല്ലോ പല്ലുകളല്ലോ അരണികളല്ലോ ഞൊടിയിടയല്ലേ
പാവനമല്ലോ ജീനുകളല്ലേ അനവധിയല്ലേ നിരവധിയല്ലേ
സാഗരമല്ലേ മട്ടുപ്പാവിൽ വെടികൾ മഴവിൽക്കാവടിയല്ലേ
ഞാനും നീയും നമ്മളുമെല്ലാം ഊളകളല്ലേ വാക്കുകളല്ലേ
ചുമ്മാതല്ലേ സ്നേഹമിതല്ലേ പാടുകയല്ലേ പറുകയല്ലേ]

കൂടുതല്‍ കവിതകള്‍