Varadan

കൈതവേലിയുടെ
ഇരുൾനിറഞ്ഞ
നാൾവഴിക്കുറിപ്പുകൾ
തഴച്ച കറുകയുടെ
വിരിപ്പച്ച വിസ്താരങ്ങൾ..
വാനത്തേയ്ക്ക്
ഉയർന്നുതൂങ്ങിയ
മുളങ്കൂട്ടം
ഞെരുങ്ങി
തോളോടു തോൾചേർന്ന്
പച്ചമാമലകളുടെ
മൂളംപാട്ടു കുറിഞ്ചികൾ..
പഴംമരംതേടിവരുന്ന
പശിപ്പറവകളുടെ തേവാരപ്പാടലുകൾ.
ഉൾപ്പശിയുമാറ്റും
പ്ലാവില നിഴലാട്ടങ്ങൾ
ഓരോ നാളും
ചെമ്പരത്തികളുടെ
പുതുചിത്രമെഴുത്തുകൾ..
പുൽപ്പടർപ്പിലും
വെൺമതിപ്പൂക്കളം
ഒരുക്കുന്ന കാട്ടുമുല്ലകൾ
കനലിനെ മലരാക്കുന്ന
പൂക്കൊന്നയുടെ മഞ്ഞനീരാട്ട്
മായാജാലങ്ങൾ.
പൂത്തുപടർന്നു കിടക്കുന്നു
അമരക്കൊടിയുടെ
തളിർപ്പച്ചക്കൈമുദ്രകൾ
മയക്കും തഴപ്പായ പാവുന്ന തെങ്ങുകൾ
കുലച്ച കരിമ്പനകളുടെ
കരിനിഴൽ നിലപാടുകൾ..

കമുകിൻ പച്ചവളക്കൊത്തുപണികൾ..
“ഉപ്പുചേർത്ത് പച്ചമാങ്ങാ.”
മണം പരത്തുന്ന നിഴൽമാവുകൾ ..
ചെറു കാറ്റത്തും
മാരിപ്പെയ്ത്തായി
ഏടുകൾ പൊഴിച്ച്
കഥ പറയും പുളിമരങ്ങൾ..

ദൂരെ
മണലാഴിയിൽ
നങ്കൂരമിട്ട്
ഇഴഞ്ഞുറഞ്ഞ
പഴംസമയം

കഴുത്ത്
ചുളിഞ്ഞ്
നീലിച്ച്
കാലം കാതലിച്ച്
വാക്കുകളുരിഞ്ഞ്
കുരിരുൾപ്പൊത്തിൽ മറഞ്ഞ്
ആയിരമിലനാവും നീട്ടി
വെയിൽതിന്നു തീ തുപ്പി
അബോധി!

തറയിൽ തലയറഞ്ഞ്
സിദ്ധസംശയൻ!