Varadan

 

കാക്ക കരഞ്ഞു
ദിക്കു വെളുത്തു
കാക്കയിരുന്നു വിരുന്നുവിളിച്ചു
വിരുത്തിവിളിച്ച് വാനം വിളറി
 
കാറ്റു കനത്തു
കണ്ണു മയങ്ങി
കൂടു തണുത്തു
കുരവ തളര്‍ന്നു
തൂവല്‍ കൊഴിഞ്ഞു
കറുപ്പു പുതച്ച്
കാത്തുമിരുന്നു
 
വിരുന്നിനു വന്നവ-
രാരെന്നറിയോ?
 
മരുന്നു തെരഞ്ഞു കരഞ്ഞ കുരുന്നോ
കരിഞ്ഞു കറുത്തു മറഞ്ഞൊരു കുഞ്ഞോ
ഞെരമ്പു മുറിച്ച് മാഞ്ഞൊരു പൂവോ
 
ഇലയില്‍നിന്ന്
ശിലയില്‍നിന്ന്
ബലിയില്‍നിന്ന്
ചോറുരുളകളുണ്ണാന്‍
കാക്കകളെത്തി
 
കാണെയൊളിഞ്ഞ്
വട്ടംകൂടി
കുറുകേച്ചാടി
കൂട്ടംകൂടി
കറുപ്പു വിളക്കി
കാക്കപ്പൊന്നുമുരുക്കി
കണ്ണീരടക്കി
പറയടി ചിറകടി
വിരുന്നു കഴിഞ്ഞ്
കരിമ്പന മുകളില്‍
കാക്ക പറന്നു
 
കാക്ക ചിരിച്ചു
ദിക്കു കറുത്തു
കറുകറെ
കാക്കച്ചിരി മാത്രം ബാക്കി