Biju Kanhangad
1 മോഡല്‍

ചതുപ്പുകളില്‍
വയല്‍ച്ചിപ്പി ചിത്രം വരയ്ക്കുന്നു

കയറിയ, ഇറങ്ങിയ കളിമണ്ണടരില്‍
തെളിഞ്ഞില്ലയൊന്നും

നനവുകലര്‍ന്ന വയല്‍ക്കുണ്ടില്‍
വറ്റിക്കിടന്ന്‌
സൂര്യന്‍ ചിരിച്ചു

തീരെയനങ്ങാതെ
മോഡലായ്‌.

2 സാറ്റ്‌

വൈകിയെത്തിയ വെയില്‍
വീടിന്റെ ഓരംചേര്‍ന്ന്‌
നെടുവീര്‍പ്പിട്ടു

മാടപ്രാവുകള്‍
മുഖംതിരിച്ച്‌ വിളറി

പതിഞ്ഞ ശബ്ദത്തില്‍ ഒച്ചയെടുത്ത്‌
താഴെ വീണുരുണ്ടൂ
ഉണങ്ങിയ ഇലകള്‍

എന്നിട്ടും കണ്ടില്ല.
പിന്നെ ക്ഷീണിച്ച്‌
വെള്ളം മോന്താന്‍പോയീ പാവം

എരുമയുടെമേല്‍ നിന്ന്‌
ഇരട്ടവാലന്‍ തലപൊക്കി
പുള്ളോന്‍ എവിടെയോ ഉണ്ട്‌