Sindhu Menon
എവിടെ നമ്മുടെ കൊച്ചു
സന്തോഷങ്ങള്‍
ഞാനും നീയും കാറ്റും
ഒന്നിച്ചിരുന്നാടിയിരുന്ന
ഊഞ്ഞാലുകള്‍
പൂമ്പാറ്റകളെ പോലെ 
ഉയർന്ന്  പറന്ന പാവാടകള്‍ 
മെല്ലിച്ച ഒതുക്കമില്ലാത്ത
കൈത്തണ്ടയില്‍ അമര്‍ത്തി
വേദനിച്ചു  മാത്രം
കയറ്റിയിരുന്ന
ഒരു ചിരി വേഗത്തില്‍ ഉടഞ്ഞു
പോയിരുന്ന വളകൾ
കോലുമിട്ടായിയും
പൊതിക്കടലയും
നുണഞ്ഞു നടന്നിരുന്ന
ഉത്സവപ്പറമ്പുകൾ
ഓര്‍മ്മകളുടെ ഭാരം പേറുന്ന
ഒരു മരപ്പെട്ടി
എനിക്കുണ്ടായിരുന്നു
കാളവേലയും കുംഭഭരണിയും
തിരുവാതിരക്കുളിരും
കുറുമ്പു വളപ്പൊട്ടുകളും
ഞാനതിൽ പൂട്ടി വെച്ചിരുന്നു
പഴയ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന
ചെട്ടിച്ചിക്ക് അമ്മ അതു എടുത്തു
കൊടുത്തിരിക്കും വയസ്സറിയിച്ച
എന്റെ കൌമാരത്തോടൊപ്പം