Jayashree
എഴുതപ്പെടുന്നവ
അക്ഷരപ്പാത്രം കവിഞ്ഞാലും
അര്‍ത്ഥവ്യാപ്തിയോളമേ വളരൂ
പാത്രമുടച്ചു മറ്റൊന്നില്‍ പകര്‍ന്നാലും
അര്‍ത്ഥസീമകള്‍ മാറ്റിവരഞ്ഞാലും
സ്വരൂപം സ്പഷ്ടമായി
സ്വന്തം പരിധിയറിഞ്ഞവ.

എഴുതപ്പെടാത്തവയിലപകടങ്ങളേറെ.
കണ്ടും കേട്ടും
പറഞ്ഞുമറിഞ്ഞും
ബോധത്തില്‍ കോറി വീണവ.
ശീലം ശരിയെന്നുവരുത്തി
സംഘമനസ്സിന്റെ
കടും ഭിത്തിമേല്‍
കാലം ആഴത്തില്‍
കൊത്തിയിട്ടവ.

അര്‍ത്ഥവും നാനാര്‍ത്ഥവും ചികഞ്ഞ്‌
ആര്‍ക്കും രൂപങ്ങള്‍ കല്‍പ്പിക്കാം
സ്വാര്‍ത്ഥത്തിന്റെ കടുകുമണിയിലൊതുക്കുകയോ
അനന്തതയിലേക്കു വളര്‍ത്തുകയോ ആകാം.

അരൂപികളായൊഴുകിവന്നു
ബുദ്ധിയില്‍ കുടിയിരിക്കുന്നവയെ
തിരിച്ചറിഞ്ഞ്‌
തിരിഞ്ഞു നിന്ന്‌
ചോദ്യങ്ങളോരോന്നായി
കല്ലെറിഞ്ഞു
ഉച്ചാടനം ചെയ്യുകയാണ്