Muraleedharan. T.K
തിരക്കിനുള്ളിലൂടെ
ആടിയുലഞ്ഞുവന്ന മരക്കൊമ്പില്‍
ആന
കുതിര
കുരങ്ങ്‌
തത്ത -
തോളിലിരുന്ന്‌
മരക്കൊമ്പില്‍പ്പിടിക്കാന്‍
മകളുടെ പെടാപ്പാട്‌.

അതില്‍നിന്ന്‌
ഒരാനയെങ്കിലും
കയ്യിലേയ്ക്കു വീണിരുന്നെങ്കില്‍
എന്നാവും ഉള്ളില്‍.

പൊടുന്നനെ
ഒരു തുമ്പിക്കൈ നീണ്ടുവന്ന്‌
അവളുടെ നിറുകയില്‍ത്തൊട്ടു,
മുഖത്തേയ്ക്ക്‌
ഒരു ചുടുനിശ്വാസം വലിച്ചെറിഞ്ഞു.

തുടര്‍ന്ന്‌
ആ ബലൂണ്‍കൊമ്പും
പരിവാരങ്ങളും
തിരക്കിനുള്ളിലേയ്ക്കുതന്നെ
പിന്‍വാങ്ങി.