Balachandran Chullikkad
(സച്ചിമാഷിന്‌)

ആദ്യം ജനിച്ചത്‌ നീയാണ്‌.
പതിറ്റാണ്ടിനുശേഷം ഞാനും.

നമുക്കിടയില്‍ ഒരു പുഴയുണ്ടായിരുന്നു.

പാതിരാവില്‍, പെരുമഴയത്ത്‌
ഒഴുകിവന്ന മരത്തടിയില്‍ പിടിച്ചുനീന്തി
ഞാന്‍ അക്കരെയെത്തി.
നീ എനിക്ക്‌ അന്നവും കമ്പിളിയും തന്നു.

പിറ്റേന്നുണര്‍ന്നപ്പോള്‍ മഴ ശമിച്ചിരുന്നു.
നീയെന്നെ പുഴക്കരയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി.
ആ മരത്തടി എനിക്കു കാണിച്ചുതന്നു.

ദുരധികാരം ചതച്ചുകൊന്ന
ഒരു തരുണന്റെ ശവമായിരുന്നു അത്‌.