Suresh. O.P
സ്വപ്നങ്ങളെന്നും ഖരരൂപം
അലിയാത്ത മുന്തിരിച്ചറം
ആളുന്ന ചെന്തീയിന്‍ നിറം
ഭൂമിക്കറിയാത്ത പൂവിന്‍ മണം
ചൂടാത്തൊരിന്ദ്രനീലത്തിളക്കം
ചോദ്യം ചമയ്ക്കുന്ന ഭാവം
പഴകാത്തൊരന്തസ്സ്‌; കേവല
ഛന്ദസ്സിനപ്പുറം വഴിയുന്ന ചന്തം
അന്തമില്ലാത്തൊരാഴം; അടിത്തട്ടില്‍
മുങ്ങിമരിക്കും സുഖം!
എങ്കിലും ഓര്‍മ്മകള്‍ ദ്രവം
അതിരുകളലിയുന്ന വേലിയേറ്റം
ആറാത്തൊരാത്മബലിയുടെ
ചോരവാര്‍ന്നൊഴുകുന്ന ഈണം

മതിലിനും മീതെ, മഴക്കാല
നിറവില്‍ ചിരിക്കുന്ന രാവ്‌
ചാലുകള്‍ക്കൊന്നും വഴങ്ങാതെ
ഏകാന്തശോകമായൊഴുകുന്ന രാഗം
ഇളകുന്ന കാഴ്ചകള്‍ക്കപ്പുറം; നോവിന്റെ
ഇടവഴികളില്‍ച്ചെന്ന്‌ നില്‍ക്കുന്ന സങ്കടം?
മേഘമൊളിപ്പിച്ച മാരിവില്ലിന്‍ താഴെ
മൂകമുലാത്തുന്നു കാലം!