Rajan Muyyam
മനസ്സിന്റെ ആല്‍ബത്തില്‍നിന്നും
അമിതവര്‍ണ്ണമുള്ള കുറെ ഓര്‍മ്മകളെ
കോരിക്കളയണം

അവസാന നാള്‍
ജീവിതത്തിന്‌ മോടികൂടിയെന്ന്‌
നാളെയാരും പഴിചാരരുത്‌

ചിന്തകള്‍ ചില്ലുമാളികകള്‍
പണിയുമ്പോള്‍
മരണപ്പിടച്ചിലില്‍
തല്ലിയുടയ്ക്കാനെളുപ്പമുണ്ട്‌

കുഞ്ഞുങ്ങള്‍ക്കോരോ നല്ല ഉടുപ്പുകള്‍ -
ഭാര്യയ്ക്ക്‌ കടുംനിറത്തിലൊരു സാരി -
അവളെത്ര നാളായി
പട്ടിണികൊണ്ട്‌
വയര്‍ മുറുക്കിയുടുക്കാന്‍ തുടങ്ങിയിട്ട്‌
(ജഡമായാലും ജനം ഓടിക്കൂടുമ്പോള്‍ കാണാന്‍ മോടിവേണം)

അത്താഴത്തിന്‌
പച്ചരിക്കഞ്ഞിയായാല്‍ ഉത്തമം
വേവാനും ദഹിക്കാനും എളുപ്പമുണ്ട്‌
കഞ്ഞിയോടൊപ്പം ഒഴിച്ചുകൂട്ടാനുള്ള കറി
ഭാര്യയുടെ കൈയ്യിലേല്‍പ്പിയ്ക്കുമ്പോള്‍
കൈ ഒട്ടും വിറയ്ക്കരുത്‌;
തൊണ്ട ഇടറുകയുമരുത്‌.

കൂടുതല്‍ കവിതകള്‍