Subha. G.S
പരിപ്പു വാരിയെടുക്കുമ്പോള്‍
പകയായിരുന്നെനിക്ക്‌
ഫണമുയര്‍ത്തിനിന്ന
സകല ധാര്‍ഷ്ട്യങ്ങളോടും

വിഷംകഴിച്ചുമരിച്ച
മലക്കറികളെത്തൊട്ട്‌
വിരലുകള്‍ വിളറിപ്പോയി
ഇഴുകിച്ചേരാനിളകിവന്ന
കൂട്ടുകള്‍ കണ്ട്‌ ഞാനും

കരളുനുറുക്കി
പുളി പിഴിഞ്ഞ്‌
കായം കലക്കി
വയറെണ്ണി വെള്ളം ചേര്‍ത്ത്‌
മടുപ്പോടെ
അടുപ്പിന്‌ കൊള്ളിവെച്ചു

പൊലിഞ്ഞുവീണ
തളിരുകളുടെ
പാതികരിഞ്ഞ മണം
മല്ലിച്ചപ്പിട്ടു മറച്ചു

തിരിഞ്ഞില്ല
നെഞ്ചിലിട്ട്‌
തിരിച്ചും മറിച്ചും തിളപ്പിച്ചിട്ടും
പല രുചികളെങ്ങിനെ
ഒരൊറ്റ രുചിയാകുന്നെന്ന്‌

വെന്തുയര്‍ന്ന ഗന്ധം
പാകമറിയിച്ചതും
തൊട്ടുനിന്നവര്‍
ഉപ്പിനു പകരം
കണ്ണീരൊഴിച്ചതിന്റെ
സാധ്യതകള്‍ തേടി

എനിക്കിനി
സാമ്പാര്‍
അടച്ചുറപ്പുള്ള പാത്രത്തിലൊഴിച്ച്‌
ഇടനിലക്കാരെ
കാത്തിരുന്നാല്‍ മതി.