Anilkumar. T.P
ചന്തയില്‍ കാണാം
ചിലരണിഞ്ഞും പൂശിയും
പൊന്നിനേക്കാള്‍ തിളങ്ങി
പൂക്കളേക്കാള്‍ മണത്ത്‌
വലിയ വിലയില്ലെങ്കില്‍ മാത്രം മതി

മധുരമേറെയില്ലാത്ത
ഈന്തപ്പഴം കിട്ടുമോ?
എന്തൊരു കയ്പാണ്‌
രാവിനും പകലിനും

ഒട്ടകത്തിന്‍ പടം
ചില്ലിട്ടുമ്മറത്തു തൂക്കുവാന്‍
ചുട്ടുപൊള്ളുമ്പോള്‍
വാടാതെ നില്‍ക്കാന്‍ തുണ

ഉണ്ണിമോള്‍ക്ക്‌
കണ്ണെഴുത്തുപെന്‍സില്‍
ശലഭക്കുപ്പായം
ചെരുപ്പ്‌
വയ്യെനിയ്ക്കു നടന്ന്‌
വയസ്സന്‍ കാലുകള്‍
വഴികളോടു തോല്‍ക്കുന്നു

ബ്രാണ്ടി വേണം
പഴയകാലങ്ങള്‍
തേട്ടിയരയ്ക്കണം
കൊണ്ടുവരണേ
അമ്മയെത്തല്ലാനൊരു വടി

നിന്നെയോര്‍ത്ത്‌
പാതിരാവിലും തേങ്ങുന്നു
ഉറങ്ങാനാവുന്നില്ലെനിക്ക്‌

അവിടെ എങ്ങനെയാണു ജീവിതം?
ഇവിടെനിന്നു പോകുമ്പോള്‍
ഉണ്ടായിരുന്നതെന്തെങ്കിലും
നിന്റെ കൈയ്യിലുണ്ടോ?
കൊണ്ടുവരുമോ?