Joseph. S
കട്ടക്കളങ്ങള്‍ക്കപ്പുറം
കരിമ്പുപാടങ്ങള്‍ക്കുമപ്പുറം
കാട്ടുകോഴികള്‍പാര്‍ക്കും
തോട്ടരികിലെക്കാടും
തോടിന്‍മീതെ പോകും
പാടവരമ്പും പിന്നിട്ടുപോയാല്‍
ഒട്ടല്‍ക്കാടുകള്‍ക്കപ്പുറം
ഉപഷാപ്പിനപ്പുറം
ചിത്രംവരച്ചുകഴിയുന്ന
കൂട്ടുകാരന്റെ വീടുണ്ട്‌

അവനുണ്ടമ്മയുമച്ഛനും
അമ്മാവനും പെങ്ങളും
വകേലൊരു പെങ്ങളാകയാല്‍
അവളിടയ്ക്കിടയ്ക്കുവന്ന്‌
അവന്റെ വീട്ടില്‍ പാര്‍ക്കുന്നു

ഒറ്റമരത്തില്‍ കയര്‍കെട്ടി
ഊഞ്ഞാലാടുന്ന പെണ്‍കുട്ടിയും
ഒരേ മാളത്തില്‍ കേറുന്ന
എലിയും അതിന്റെ മരണവും
പാത്രത്തില്‍വെച്ചിരിക്കുന്ന
ചുവന്ന രണ്ടുമുളകുകളും
അവന്‍ വരച്ച ചിത്രങ്ങള്‍
വയനാടന്‍ ചിത്രങ്ങള്‍

സ്വന്തം ജീവിതചിത്രങ്ങള്‍
അവനൊട്ടും വരച്ചില്ല

അവന്‍ വരച്ചതു കണ്ടിട്ട്‌
അതിനോടു കൂട്ടുകൂടീട്ട്‌
ചൂളയ്ക്കുവച്ച കട്ടകള്‍
പുകകൊണ്ടൊരു മരം
വരയ്ക്കുന്നു

അതുകണ്ട്‌ കരിമ്പുകളും ബ്രഷ്‌
വെളുപ്പില്‍ മുക്കി വരയ്ക്കുന്നു

കാട്ടുകോഴികളും
പെന്‍സില്‍ കാലുകൊണ്ടു വരയ്ക്കുന്നു

ഒട്ടല്‍ക്കൂട്ടം കാറ്റില്‍പ്പെട്ട്‌
ഉപ്പന്റെ കൂവല്‍ വരയ്ക്കുന്ന്