Anvar Ali
നീ ദേഷ്യപ്പെടരുത്‌.

നിന്റെ ഇടതുകൈപ്പടത്തിനു നടുക്ക്‌
ആയുര്‍രേഖയ്ക്കടുത്തായി
രണ്ട്‌ അടയാളവരകള്‍ക്കിടയില്‍
ആണോ പെണ്ണോ ആകുംമുമ്പ്‌
അടക്കംചെയ്ത നമ്മുടെ സ്നേഹത്തിന്‌
ഇന്നലെ രാത്രി
ഞാന്‍
നീയറിയാതെ
ഒരുമ്മ കൊടുത്തു.

അതെന്നോടു ചോദിച്ചു:
എന്തിന്‌?
കഴിഞ്ഞ ജന്മത്തില്‍
നിലത്തുവയ്ക്കാതെ വളര്‍ത്തിയതിനോ?
അതോ, വരുംജന്മത്തില്‍
തെരുവിലുപേക്ഷിക്കാനോ?

ഞാന്‍ പറഞ്ഞു:
അല്ല.
മഴ ഈ ജന്മത്തെ നനച്ച
ഒരുദിവസം വൈകുന്നേരം
റോഡരുകിലെ ഇലവുമരങ്ങളെ
ഭൂമിയില്‍നിന്ന്‌ ആകാശത്തേയ്ക്ക്‌
തലകീഴായിത്തൂക്കിയ
ഒരസ്തമയത്തിന്‌ തൊട്ടുമുമ്പ്‌
അപ്പോള്‍ അതുവഴിവന്ന
ഒരു ലാംബ്രട്ടാ സ്കൂട്ടറിന്റെ
കുടുകുടുമാത്രം സാക്ഷിയായി
രണ്ടായി വലിഞ്ഞുകീറി
രണ്ടു വീടിന്റെ അയകളിലേയ്ക്ക്‌
ഉണങ്ങാന്‍ പോയതിന്‌
എനിയ്ക്കും നിന്റെ
അമ്മയാവാതെ പോയവള്‍ക്കും
കിട്ടിയ ശിക്ഷയാണ്‌
നീ.

അത്‌ ചിരിച്ചുകൊണ്ട്‌ എഴുന്നേറ്റു
ഞാന്‍ കൊടുത്ത ഉമ്മയുടുത്ത്‌
കൂടെ പോന്നു.

നീ ദേഷ്യപ്പെടരുത്‌
പകരംചോദിച്ചോളൂ
ഇന്നു രാത്രി ഞാനറിയാതെ.