Muhammed kutty Elambilakkode
പോയകാലത്തടിപ്പാലം
കടന്നെത്തുന്നിതോര്‍മ്മകള്‍
പുഞ്ചപ്പാടക്കുളിരല
വഴിയും വേനല്‍വെള്ളരി
വള്ളിയില്‍പ്പോലും വെണ്‍പൂവായ്‌
പുഴ പൂത്തുലയുംകാലം
ഒട്ടേറെയുണ്ടായിരുന്നു
പുഴ കവിയും വഴികള്‍
തളിരായ്‌ ധാന്യപ്പൊലിയായ്‌
മീനിന്‍ മഴവില്‍ക്കനവായ്‌
പുഴയ്ക്കു പീലിനീര്‍ത്തിയാടുവാ-
നേറെത്തുറസ്സുകള്‍

പള്ളിനീരാട്ടു തേവാര
സേവയ്ക്കായ്‌ പണ്ടു തമ്പ്രാക്കള്‍
തീണ്ടാപ്പാട്ടും തിടമ്പുമായ്‌
പോയ പായല്‍പ്പെരുവഴി

ആളൊഴിഞ്ഞുള്ള നട്ടുച്ച-
ക്കടവില്‍ മുങ്ങിക്കിടക്കാന്‍
ഭൂതപ്പിതൃക്കള്‍ അരയാല്‍
കാലമിറങ്ങുന്നീവഴി
കെട്ട കാലങ്ങളെ തേട്ടി-
യെടുത്തിട്ടയവിറക്കി-
സ്സുഖം ചെളിയില്‍പ്പുളയ്ക്കാന്‍
പോത്തുകള്‍ മന്ദിച്ചിറങ്ങും
മൂഢവിചാരച്ചാണക-
ച്ചൂരളിഞ്ഞോരൂടുവഴി

ചേറുനാറിച്ചെറുമനും
നീലിയും കാക്കക്കുളിക്കായ്‌
ജാതിഭേദപ്പടി
നൂണിറങ്ങുന്നതുമിതുവഴി

മഴ വഴികളെങ്ങെന്നു
പുഴമിഴികള്‍ ക്ഷീണിച്ചു
കുന്നുകേറുന്നതാം മീന
വെയില്‍ കത്തും കയറ്റം
ഇറ്റുനീരിനായ്‌ വിയര്‍ത്തും
കയര്‍ത്തും കുട്ടികള്‍ക്കൊപ്പം
ചുനമണക്കാറ്റ്‌
കുന്നിറങ്ങുന്നതുമിതുവഴി

കടവിലിരുട്ടില്‍, നാട്ടു
വെളിച്ചം കാവലിരിക്കും
തോണിക്കായ്‌, അക്കരെനിന്നു
തിടുക്കവിലാപക്കൂവലിനുള്ളോ-
രെതിരൊലിപോല്‍
കോണ്‍ക്രീറ്റുലയാ പാലവു-
മോരോ നഗരമിനുപ്പും
വന്നു കുരുക്കിയെടുക്കേ

ബോട്ടിലില്‍ വാട്ടറുല്‍പന്നമായ്‌
മാര്‍ക്കറ്റു ഫ്രീസറില്‍ പുഴ-
ജഡം വെറുങ്ങലിക്കുന്നു
ഷോക്കേസില്‍
ബോണ്‍സായ്‌ കണക്കെ.