Vinod. T.P
നഖം വളര്‍ത്തിയിരിക്കുന്നല്ലോ എന്ന്‌
ആകസ്മികമായി
വിരലിലേയ്ക്കു നോക്കുമ്പോലെ

കേട്ടുമറന്ന ഒരു ഈണം
കാരണമൊന്നുമില്ലാതെ
ഓര്‍മ്മവരുന്നതുപോലെ

മുമ്പെന്നോ കണ്ടിട്ടുണ്ടല്ലോ എന്ന്‌
ഒരു സ്വപ്നത്തില്‍നിന്ന്‌
വീണ്ടും കുതറിയുണരുന്നതുപോലെ

മറവിയെ റദ്ദുചെയ്യുന്ന
വിസ്മയങ്ങള്‍
ഏറെയൊന്നുമില്ലാത്തതുകൊണ്ടാകണം
വേരു കിനിഞ്ഞിട്ടുണ്ടോ എന്ന്‌
കൗതുകപ്പെട്ട്‌
ഒച്ചയില്‍ കുഴിച്ചിട്ട
ചില അര്‍ത്ഥങ്ങളെ
പിഴുതുനോക്കിപ്പോവുന്നത്‌.