Rasmi. K.M
ആറുവയസ്സുകാരിയുടെ ഓര്‍മ്മകളില്‍
കൊതിവെള്ളമിറ്റിച്ചവയെന്തെല്ലാം?

പട്ടിണിയുടെ പൊരിച്ചിലിലേയ്ക്ക്‌
ഖലീഫ ഉമ്മര്‍ നീട്ടിക്കൊടുത്ത
രൂപം തീര്‍ച്ചയില്ലാത്ത
ഒലീവും വെണ്ണക്കട്ടിയും

ആദ്യമായ്‌ പരിചയപ്പെടുമ്പോള്‍
വ്ലാദിമിര്‍ ലെനിന്‍
പൊതിയഴിച്ചുകഴിച്ച
ഉണക്കറൊട്ടി, ചുട്ട ഇറച്ചി

നിറംവാരിയിട്ട റഷ്യന്‍ പുസ്തകങ്ങളില്‍
വിസ്മയംപോലെ വീണുകിടന്നിരുന്ന
വാല്യ, കോല്യ എന്നീ പേരുകാര്‍ക്കുമാത്രം
പറിച്ചുതിന്നാന്‍ സാധിച്ചിരുന്ന
റാസ്ബെറി സ്ട്രോബെറി പഴങ്ങള്‍

ഏറ്റവും മുകളില്‍
സ്കൂളില്‍നിന്നും മടങ്ങുമ്പോള്‍
അമ്മ വാങ്ങിത്തന്നിരുന്ന
കമലാ ബേക്കറിയിലെ ചൂടന്‍ റൊട്ടി

ബസ്സിനകത്തെ അടുക്കിനിര്‍ത്തിയ വിയര്‍പ്പില്‍,
വഴിയുടെ ഓരംപിടിച്ചുള്ള നടപ്പില്‍,
വീടിന്റെ തുരുമ്പിച്ച പൂട്ടു തുറക്കാന്‍
അമ്മയെടുക്കുന്ന കാലതാമസത്തില്‍,
മുഖത്തു ചേര്‍ത്തുവെച്ച,
കോരിക്കുടിച്ചുകൊണ്ടേയിരുന്ന,
മണം ചൂട്‌ സ്പര്‍ശം

പിന്നീട്‌ മാമംഗലത്തെ റൊട്ടിക്കമ്പനിയില്‍
ഒരുമിച്ചു മൊരിഞ്ഞുകൊണ്ടിരുന്ന
ലക്ഷം റൊട്ടികളുടെ മുഴുവന്‍ ഗന്ധത്തിനും
പകരംനില്‍ക്കാന്‍ പറ്റാതെ പോയത്‌.