Anilkumar. T.P
നീലയെ സ്വപ്നംകണ്ട വെളുപ്പാണ്‌ ചുമരിന്‌
മുറിയില്‍ മെഴുകുതിരിവെളിച്ചം

എണ്ണയും വിയര്‍പ്പും നനച്ച
ഓലപ്പായയില്‍നിന്നും
ഒരു പ്രാണി
അവളുടെ നാട്ടുവഴിയിലൂടെ
പ്രാണസഞ്ചാരം നടത്തി

നിന്റെ മുലക്കണ്ണിന്റെ നിറമെന്താണ്‌?

വെണ്‍മണലിലേയ്ക്ക്‌ കാറ്റ്‌
ഞാവല്‍പ്പഴങ്ങളെറിഞ്ഞു

എവിടന്നു കിട്ടീ നിനക്കീ മണം
ഒരു തൂവാലയില്‍ പൊതിഞ്ഞുതരുമോ?

നിലാവില്‍ നനഞ്ഞ കൈതകള്‍
ഉന്മാദത്തോടെ പട്ടുജാക്കറ്റഴിച്ചു

നിന്നെ അടിമുടി മധുരിക്കുന്നു

മുറ്റത്തെ അയിനിമരക്കൊമ്പില്‍
തേന്‍കൂടിന്‌ ഉരുള്‍പൊട്ടി

അവന്‍ ഉമ്മവെച്ചിടത്തെല്ലാം
ഇലമുളച്ചിയെപ്പോലെ
താന്‍ വീണ്ടും ജനിക്കുന്നുവെന്ന്‌
അവള്‍ക്കു തോന്നി

അവന്റെ ഉടലില്‍
ഉറവക്കണ്ണുതുറന്ന കാട്ടുപുഴയില്‍
അവള്‍
മുടിയും മുലയുമുലച്ചു കുളിച്ചു

വെള്ളിയരഞ്ഞാണത്തിന്റെ
വിഷപ്പല്ലമര്‍ന്നാണോ അവന്‍ കരഞ്ഞത്‌?
അതോ...

പുലരുമ്പോള്‍
ഉറക്കപ്പായിലുണ്ടായിരുന്നു
ജീവിതംപോലെ തുന്നലഴിഞ്ഞ
ഒരടിവസ്ത്രം.