Aryambika. S.V
ഉറക്കം കെറുവിച്ച രാവ്‌, പേടിയിലേയ്ക്കു
മലര്‍ക്കെത്തുറന്നിട്ട കതകായ്‌ കാതിന്‍കണ്ണ്‌

അനക്കം കരിയിലക്കാടിന്‌, പൂച്ചക്കാലില്‍
നടക്കാനിറങ്ങിയോ കാറ്റ്‌, വൈദ്യുതനാളി
യറുത്തതാരോ? കട്ടിയിരുട്ടിന്‍ പിന്നാമ്പുറ-
മൊരുക്കും ചീവീടിനു ഭീകരശ്രുതിബോധം

ഇടവപ്പാതിക്കാറിന്‍ മുരള്‍ച്ച, മിന്നല്‍ത്തുണ്ടില്‍-
പ്പകലിന്‍ പ്രലോഭനം, ഇരമ്പിയിറങ്ങുമ്പോള്‍
മഴയ്ക്കു മുറിവേല്‍ക്കുമലര്‍ച്ച, പഴക്കത്തിന്‍
പഴുതൂടകത്തെത്തി തട്ടിവീഴുന്നൂ ചോര്‍ച്ച

മിടിക്കും നിമിഷത്തെ പിടിച്ചുവെയ്ക്കാന്‍നോക്കി
പിടച്ചിലൊതുങ്ങാത്ത ഹൃദയം, തുരുമ്പാണി
തറച്ചു തളച്ചിട്ടും തലയ്ക്കുമീതേ തൂങ്ങി
കുഴഞ്ഞുമറിയുന്ന കലണ്ടര്‍ത്താളായ്‌ കാലം.

തണുത്തകാറ്റോ മെല്ലെയടച്ചൂ കതകുകള്‍...