Narayanan Kalpetta
മുറിയില്‍ അസാധാരണമായി
യാതൊന്നുമില്ല
മഹസ്സര്‍ തുടരുന്നു

പുസ്തകങ്ങള്‍ വിതച്ചിട്ട ഒരു മേശ
അലസമായി മടക്കിവെച്ച കിടക്കമേല്‍
വീഴാനായുന്ന ഒരു പ്ലാസ്റ്റിക്ക്‌ കസേര
ഷെല്‍ഫില്‍ നിറയെ
ഒതുക്കമില്ലാതെ കുത്തിനിറച്ച പുസ്തകങ്ങള്‍
ചുമരില്‍ രക്തം വാര്‍ന്നുകൊണ്ടിരിക്കുന്ന
ഒരു ക്രിസ്തു
മേശപ്പുറത്ത്‌
മന്ദഹസിക്കുന്ന ഒരു ബുദ്ധപ്രതിമ

വേദനിക്കുന്ന ക്രിസ്തുവോ
വേദനിക്കാത്ത ബുദ്ധനോ
അവനെ നയിച്ചത്‌?
ഒരല്‍പംകൂടി, ഒരു നഖപ്പാടുകൂടി
അഴിഞ്ഞിരുന്നെങ്കില്‍
ഫേനില്‍ കൊളുത്തിയ ബെഡ്ഷീറ്റ്‌
ഊരിപ്പോരുമായിരുന്നു
അവന്റെ ഭാഗത്തുനിന്നു പറഞ്ഞാല്‍
ഒരു നിമിഷംകൊണ്ടാണ്‌
അവന്‍ രക്ഷപ്പെട്ടത്‌

മരണമുറിയിലുള്ളതെല്ലാം അസാധാരണമല്ലേ?
വെറുമൊരു കസേരപോലും?
ട്രെയിനിനകത്തെന്നപോലെ
എല്ലാം സജീവമാണ്‌ മരണമുറിയില്‍
അതിലിരുന്നുകൊണ്ടാണോ
അതു തട്ടിനീക്കിക്കൊണ്ടാണോ
അവനതുറപ്പിച്ചത്‌?
അതവനെ വെറുപ്പിച്ചിരിക്കുമോ?
അവന്റെ തീരുമാനത്തെ ഉറപ്പിച്ചിരിക്കുമോ?
ഇക്കൂട്ടത്തില്‍ അവന്‍
അവസാനമായി വായിച്ച പുസ്തകം ഏതായിരിക്കും?
അത്‌ അറിഞ്ഞിരുന്നുവോ
അവന്റെ മരണത്തെ?
വായിച്ച പുസ്തകത്തെപ്പോലെ
അവനിലുള്ളത്‌ ആരറിഞ്ഞിരിക്കും?
അവന്‍ വായിച്ചിരുന്നപ്പോള്‍
അതിലുണ്ടായിരുന്നതൊന്നും
ഇപ്പോള്‍ ആ പുസ്തകത്തിലില്ല
മേശപ്പുറത്തെ ഒഴിഞ്ഞ കാപ്പിക്കപ്പിനടിയിലെ
കടലാസിലാണെങ്കില്‍
അവനൊന്നുമെഴുതിയിട്ടില്ല
മരണമുറിയില്‍
എന്തെങ്കിലും സാധാരണമാണോ?