Unnikrishnan. N.G
മുറിക്കയേ വേണ്ടു
ലോകം കട്ടിയായ ചരിത്രം
പേരക്കയുടെ ശാസ്ത്രനാമം
പല പല വിവരങ്ങള്‍

കൂടം പതിക്കുമ്പോള്‍ പാറുന്ന തീപ്പൊരികള്‍
ഞെരമ്പുകള്‍ എഴുന്ന കൈത്തണ്ട
പേരക്ക പൊട്ടിച്ചുകൊടുത്തപ്പോള്‍
എന്റെ നാലാംക്ലാസിലെ മാലാഖ പൊഴിച്ച തൂനിലാവ്‌
പല പല ദൃശ്യങ്ങള്‍

അതൊന്നു മുറിച്ച്‌
ഓരോ കഷ്ണങ്ങള്‍ എന്റെ മക്കള്‍ക്ക്‌
ഒരു കഷ്ണം അവള്‍ക്കും കൊടുത്ത്‌
ഒന്നു ഞാനും തിന്ന്‌
പ്രധാനമന്ത്രി ഹോളികളിക്കുന്ന കാണുകയോ
ഒരു സ്ഫോടനവാര്‍ത്ത കേള്‍ക്കുകയോ ചെയ്ത്‌
ഒരു സാധാരണ സീനുണ്ടാക്കാന്‍
പ നമുറിയില്‍നിന്ന്‌ പുറത്തുവന്നവള്‍ തുള്ളിച്ചാടിയേനേ
എന്റെ കൈയ്യില്‍നിന്ന്‌ പേരയ്ക്ക വാങ്ങുമ്പോള്‍
അവള്‍ അദ്ഭുതത്തിലേയ്ക്കയഞ്ഞേനേ

കുറഞ്ഞവോള്‍ട്ടേജില്‍ കല്ലുകമ്മല്‍ മിന്നി
ഈ സാധാരണ ഇന്ത്യയില്‍
എന്റെ സാധാരണമുറിയില്‍
ഭൂമി സ്പര്‍ശിച്ചേനേ ഒരു നക്ഷത്രം

കത്തിയും പേരക്കയും മേശപ്പുറവും ഞാനും
ഒന്നനങ്ങുവാന്‍
നിശ്ചലചിത്രത്തില്‍ പ്രവേശിക്കുവാന്‍
ചുവപ്പും മധുരവും കിനിയുവാന്‍
ആരോ ചായം ചാലിക്കുന്നുണ്ട്‌.