Sreehari. A.C
മൂന്ന്‌ കല്ലുകള്‍ കൂട്ടിയാല്‍
അടുപ്പായി
മൂന്നു കൂട്ടുകാരുടെ
അടുപ്പത്തേക്കാളും
എളുപ്പം

എടുത്തു തലയില്‍ വെക്കുന്ന
കലത്തേക്കാള്‍ കടുപ്പം
ഇടയില്‍ പൂട്ടുന്ന
തീ, കനല്‍, ചാരം

ചുട്ടെടുക്കാന്‍ കൂട്ടിവെച്ച
നുണ
കല്ലിനോടും പറയും
കള്ളം:

കെട്ടിച്ചയച്ച പെങ്ങന്മാരെക്കുറിച്ചും
കെട്ടിവെച്ച പണം
കിട്ടാതെ പോയതിനെക്കുറിച്ചും
കെട്ട കാലത്തെക്കുറിച്ചും
കെടാതെപോയ വിശപ്പിനെക്കുറിച്ചും

അങ്ങനെയിരിക്കേ
സഹികെട്ടാണ്‌
കനല്‍ കെട്ടുപോയതും
ഇടയിലൂടെ
ഒരു ചേര
ഇഴഞ്ഞുപോയതും