Unnikrishnan. N.G
ഒറ്റനോക്കില്‍ കളി
എന്നാല്‍
ഇത്‌ എവറസ്റ്റ്‌ കൊടുമുടിയിലും
തുള്ളിക്കളിക്കുന്ന
പതാകയുടെ കാര്യം

പ്രാര്‍ത്ഥനാഹാളില്‍ക്കടന്ന
ഘാതകനെപ്പോലെ
ഞാന്‍ ശ്രദ്ധാലുവായി

ഞങ്ങളുടെ നീല പര്‍വ്വതങ്ങള്‍
അരുവിയാറുകള്‍ വെള്ളച്ചാട്ടങ്ങള്‍
മൈനകള്‍ തേന്‍കുടുക്കകള്‍
ചിലപ്പുകള്‍ പാട്ടുകള്‍ വസന്തം

എളിയില്‍ ചെറുതോക്ക്‌
കിക്കിളികൂട്ടി

ഞങ്ങളുടെ പൊന്നാര്യന്‍
മുണ്ടകന്‍ റൊട്ടിക്കപ്പ
എടനയിലയില്‍ പൊള്ളിച്ച മത്തി
പെണ്ണുങ്ങള്‍ വസ്ത്രവിശേഷം
നൃത്തച്ചോടുകള്‍

പെറ്റ പാട്‌
കരയാത്ത കുഞ്ഞുങ്ങളെ
തല കിഴുക്കാംതൂക്കാക്കി
കാറിച്ച്‌
പണിചെയ്യുവാന്‍ കളിക്കുവാന്‍
തിളയ്ക്കുവാനും
ചോര ചിട്ടപ്പെടുത്തുന്ന
സമുദ്രങ്ങളോളം പഴകിയ
പതിച്ചികള്‍

ഹ മറന്നു ഞങ്ങളുടെ
അഭിമാനപൂരിത ഹൈവേകള്‍
മൊട്ടപ്പരപ്പുകള്‍

അതാ ഒരു പന്ത്‌
ഗോള്‍മുഖത്ത്‌

നമ്മടെ ആള്‍ ഒരു ഹെഡര്‍
അവരുടെ ആള്‍
സിസ്സര്‍ക്കട്ട്‌ പോസ്‌
നമ്പര്‍ 16, നമ്പര്‍ 18
നമ്മുടെ അവരുടെ 10, 16
സൈക്കളടി മഴവില്ലടി
കമന്റേറ്റര്‍ ഉച്ചസ്ഥായി
ആര്‍ക്കുന്ന ഗാലറി

പതാക പച്ചകുത്തിയ
എന്റെ മുഖം മുറുകി

സെല്‍ഫടിച്ചാല്‍...

തോക്കില്‍ പിടിമുറുകി

ചിക്കെന്ന്‌
മുപ്പത്തിമുക്കോടി
ദേവതകളിലാരോ
ചൂണ്ടയിട്ടമാതിരി
പന്ത്‌ പൊന്തി വായുമദ്ധ്യേ
ചന്ദ്രബിംബമായി

ചിലര്‍ വായുവില്‍
ചിലര്‍ മലര്‍ന്ന്‌
പലര്‍ പല പോസില്‍
പ്രസ്ഫോട്ടോഗ്രാഫില്‍ കാണുംപോലെ
ചന്ദ്രബിംബോന്മുഖരായി
നിശ്ചലരായി

സംഭവിച്ചിട്ടേയില്ലാത്ത മറിമായത്തില്‍
ചെറുതോക്കിന്‍പിടി അയഞ്ഞ്‌
വാപൊളിച്ച്‌
ഞാനും

അങ്ങനെ
ആന്ദ്രേ എസ്കൊബറെ
കൊല്ലുന്നതില്‍നിന്നും
ഞാന്‍
ഒഴിവായി

(ലോകകപ്പു മത്സരത്തില്‍ സെല്‍ഫ്ഗോളടിച്ച്‌ കൊല്ലപ്പെട്ട ആന്ദ്രേ എസ്കൊബര്‍)