Sankara Pillai. K.G
പിരിയുന്ന സന്ധ്യയില്‍ നീ പറഞ്ഞു:
ചിരിയായിരുന്നു നമുക്കു ഭാഷ,
നമുക്കു പാത.

അതിലുമാഴത്തില്‍നി-
ന്നൊന്നും മലകള്‍ വിരിയിച്ചില്ല.
ഒന്നും കയങ്ങള്‍ വിളയിച്ചില്ല
അതിലുമേകാന്തമായ്‌
ഒന്നുമുദിച്ചു വളര്‍ന്നതില്ല,
പമ്പയും കായലും കടലും കവിഞ്ഞ്‌
പടര്‍ന്നുമില്ല.
അതിലുമകലത്തില്‍നി-
ന്നിനി ലക്ഷ്യമൊന്നും വരാനുമില്ല.

ചിരിതൂകിയെന്നെ നീ യാത്രയാക്കൂ
നിറനാളമായതെന്‍ ഭാവിദൂരം
മൃതിഭീതി തീണ്ടാതെ കാത്തുകൊള്ളും

ഒരു മന്ദഹാസമായെന്റെയാത്മാ-
വവതരിച്ചെങ്കിലെന്നെന്റെ മോഹം
ആറ്റിലും കാറ്റിലും
കോളിലും തിരയിലും
അതുചെന്നു മഴവില്ലായ്‌,
പലതായി, നിന്നെ എഴുതിയെങ്കില്

കൂടുതല്‍ കവിതകള്‍