Rajeev. B.S
മുറികളില്‍ കാറ്റും വെളിച്ചവും കടക്കും.
വൃശ്ചികത്തില്‍ മേയാത്തതിനാല്‍
ആകാശം കാണാം.
അകത്തളത്തിലെ തണുപ്പില്‍
ഉള്ളിലെ അഗ്നി കെടും.
നഗരവെയിലിലെ അതിഥികള്‍ക്ക്‌
മടങ്ങിപ്പോകാന്‍ തോന്നുന്നില്ല.
ഒരു ദിവസംകൂടി കടംതരുമോ
എന്നവര്‍ ചോദിക്കുന്നു.
ഈ കിണര്‍കൂടി കൊണ്ടുപോയാലോ
എന്നടക്കം പറയുന്നു.
വരുമോരോ നിലാവിനും
കൊടിയിറങ്ങാത്ത ഉത്സവത്തിന്റെ
അവസാനിക്കാത്ത നാദങ്ങള്‍ക്കും
കടപ്പെട്ടിരിക്കുന്നു ഓരോ മുറിയും.
ഇറങ്ങിപ്പോകുന്നവര്‍ക്കായി
കണ്ണുതുറന്നു കാത്തിരിപ്പ്‌
ഇരുട്ടിന്‍ വരമ്പുകടക്കുന്നവര്‍ക്ക്‌
ഒരു തുള്ളി വെളിച്ചം.
വീടുവിട്ടവര്‍ മറന്നുപോയാലും
മുറ്റത്തെ മുല്ലകള്‍ പൂക്കാറുണ്ട്‌.
ലോകമെങ്ങും തലചായ്ക്കാനിടം
ഏതു പൈപ്പിലെ വെള്ളത്തിനും മധുരം
എന്തിനു സംരക്ഷിക്കുന്നു ഓര്‍മ്മകളെ?
അവധിക്ക്‌ നാടുകാണാനിറങ്ങിയ ദിവസം
കൈവിറയ്ക്കാതെ മനം തളരാതെ
വീടുവില്‍പനയ്ക്ക്‌ ബോര്‍ഡുതൂക്കി
വിലപേശലിന്റെ വിപണിയിലേയ്ക്ക്‌
ഇറക്കിവിട്ടു.

കൂടുതല്‍ കവിതകള്‍