Sobha. K.B
ഞാന്‍ ഒഴുകുകയാണ്‌
അടിയൊഴുക്കുകളുടെ തീവ്രതയോ
ആഴമോ അറിയാതെ
ആകാശത്തിന്റെ നീലിമ പേറി
കാടുകളുടെ പച്ച പേറി
ചെറുകാറ്റിനൊപ്പം താളം തുള്ളി
ഗതിവേഗമില്ലാതെ
അലസമധുരമായ ഒഴുക്ക്‌.
കാലവര്‍ഷാധിക്യത്തിലേയ്ക്കോ
വേനല്‍ക്കെടുതിയിലേയ്ക്കോ
മനസ്സുപായിക്കാത്ത ശാന്തത

ഒരു വെള്ളച്ചാട്ടത്തിലേയ്ക്ക്‌
അറിയാതെ എടുത്തെറിയപ്പെടുമെന്നും
ഘനമേറിയ പാറകളിലേയ്ക്ക്‌ നിപതിക്കുമെന്നും
മനസ്സ്‌ ഒളിപ്പിച്ചുവെച്ചതാവാം

ചില ഒളിച്ചുവെക്കലുകള്‍
സത്യത്തെ മധുരതരമാക്കാറുണ്ട്‌
എങ്കിലും
ഏതെങ്കിലും ഒരു കൊടുംവളവില്‍
അടിയൊഴുക്കുകള്‍
എന്നെ സ്പര്‍ശിക്കാതിരിക്കില്ല
ആ ഗാഢത
എനിക്ക്‌ ബോധ്യപ്പെടാതിരിക്കില്ല

അതിനുമപ്പുറം
എന്റെ ജീവിതം മരണമാണ്‌
മഞ്ഞുപോലത്തെ മരണം.

കൂടുതല്‍ കവിതകള്‍