Ajith
അടുക്കളയില്‍ ഞങ്ങള്‍
രണ്ടടുപ്പുകള്‍
എരിഞ്ഞു കത്തുന്നവ.

ഒന്നില്‍ പ്രഷര്‍കുക്കര്‍
മറ്റതില്‍ വറചട്ടി

വാക്കൊരു വാക്കത്തി
പഴങ്കഥകളുടെ ഉള്ളി
അരിയുന്തോറുമെരിയുന്നവ

കിടക്കയില്‍ ഞങ്ങള്‍
രണ്ടു തലയിണകള്‍

തോട്ടത്തില്‍
വീട്ടിലേയ്ക്കു നോക്കുന്ന റോസാപ്പൂ
വഴിയിലാരെയോ തിരയുന്ന ചെമ്പരത്തി

ഞങ്ങള്‍
മറ്റുള്ളവര്‍ക്കു മുന്നില്‍
അടയുമ്പോള്‍ മാത്രം ഒന്നിക്കുന്ന ഗെയിറ്റ്‌

അത്‌ തള്ളിത്തുറന്ന്‌
പോസ്റ്റ്മാന്‍ വരുന്നതുംകാത്ത്‌
ടെറസ്സില്‍
മനസ്സില്‍നിന്നും
മനസ്സിലേയ്ക്കു കൊളുത്തിയ
പിന്നിയ ചരടില്‍
തോരാനിടുന്നു വിഴുപ്പുകള്‍.